ഐടി കമ്പനികളുടെ മാതൃകയില്‍ പോലീസ് സ്‌റ്റേഷനുകളും മോഡേണാകാന്‍ ഒരുങ്ങുന്നു

ഒട്ടേറെ ചുവരുകള്‍കൊണ്ട് മറയ്ക്കപ്പെട്ട മുറികളാണ് പൊതുവേ പോലീസ് സ്‌റ്റേഷനുകളില്‍ കണ്ടുവരുന്നത്

കൊല്ലം: പോലീസ് സ്‌റ്റേഷനുകള്‍ മോഡേണാകാന്‍ ഒരുങ്ങുന്നു. ഉള്‍വശം ഐടി കമ്പനി ഓഫീസിന്റെ മാതൃകയില്‍ ഒരുക്കാനാണ് സംസ്ഥാനപോലീസ് മേധാവിയുടെ നിര്‍ദേശം. പഴയമാതൃകയിലുള്ള കെട്ടിടങ്ങളാണ് പലപ്പോഴായും പോലീസ് വകുപ്പില്‍ നിര്‍മിക്കുന്നത്. കാലാകാലങ്ങളായി ഇവ നവീകരിക്കാറുമില്ല. ഇതില്‍ നിന്നുള്ള മോചനമെന്നോണമാണ് പുതിയ തീരുമാനം.

ഒട്ടേറെ ചുവരുകള്‍കൊണ്ട് മറയ്ക്കപ്പെട്ട മുറികളാണ് പൊതുവേ പോലീസ് സ്‌റ്റേഷനുകളില്‍ കണ്ടുവരുന്നത്. എന്നാല്‍ ഇനിമുതല്‍ പോലീസ് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുമ്പോള്‍ കാബിനുകളും ക്യുബിക്കിളുകളുമായി നിര്‍മിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. സേനയുടെ ആയുധങ്ങളും തൊണ്ടിവസ്തുക്കളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രം ഇഷ്ടികയും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മിക്കും.

കൂടാതെ പുതിയ പോലീസ് സ്‌റ്റേഷനുകളില്‍ അലുമിനിയം കോമ്പോസിറ്റ് പാനലുകള്‍, ഫൈബര്‍, വുഡ് വീനറുകള്‍ തുടങ്ങിയവ ചുവരുകളിലും അയണ്‍ ഡിസൈനര്‍ വാതിലുകള്‍, ഗ്ലാസ് വാതിലുകള്‍, പിവിസി വാതിലുകള്‍ തുടങ്ങിയവയും ഉപയോഗിക്കാം. ഇടയ്ക്കിടയ്ക്കുള്ള അറ്റകുറ്റപ്പണികള്‍ വേണ്ടാത്ത വിധത്തിലാവണം ഇനിയുള്ള പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണമെന്നും ഭാവിയില്‍ വിപുലീകരിക്കാനുള്ള സാധ്യതകളും മുന്നില്‍ കാണണമെന്നും ഡിജിപി വ്യക്തമാക്കി.

Exit mobile version