കാസര്‍കോട്-മംഗലാപുരം ദേശീയ പാതയില്‍ ടാങ്കര്‍ ലോറി അപകടം; വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു

മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്

കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം ദേശീയ പാതയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് പാചകവാതകവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടത്. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരിക്കുകയാണ്.

ടാങ്കറിന്റെ ഗ്യാസ് നിറച്ചിരിക്കുന്ന ഭാഗവും മുന്‍ഭാഗവും തമ്മില്‍ വേര്‍പെട്ട് മുന്‍വശത്തെ വാല്‍വിലൂടെയാണ് വാതകം ചോര്‍ന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ അപകട സാധ്യത മുന്‍നിര്‍ത്തി പരിസരവാസികളെയും പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മംഗലാപുരം-കാസര്‍കോട് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. വാഹനങ്ങളെ ഇപ്പോള്‍ സമാന്തരപാതകളിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയില്‍ നിന്ന് പാചകവാതകം മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റി. അപകടം നടന്ന പ്രദേശത്തിന് സമീപമുള്ള അടുക്കത്ത്ബയല്‍ ഗവ യുപി സ്‌കൂളിന് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version