വയനാട്ടില്‍ യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവര്‍ന്ന സംഭവം; തൃശ്ശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍

കഴിഞ്ഞ ദിവസം മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളെ ആക്രമിച്ചു 17 ലക്ഷമാണ് കൊള്ള സംഘം കവര്‍ന്നത്.

വയനാട്: വയനാട്ടില്‍ ദേശീയപാതയില്‍ അര്‍ധരാത്രി യുവാക്കളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ 14 അംഗ സംഘം പിടിയില്‍. കഴിഞ്ഞ ദിവസം മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളെ ആക്രമിച്ചു 17 ലക്ഷമാണ് കൊള്ള സംഘം കവര്‍ന്നത്.

മീനങ്ങാടി വൈത്തിരി പോലീസാണ് പ്രതികളെ കുടുക്കിയത്. തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ കൊട്ടേഷന്‍ സംഘമാണ് പിടിയിലായത്. രേഖകളില്ലാതെ പണവുമായി സഞ്ചരിക്കുന്നവരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അതേസമയം, മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഇന്നലെ അര്‍ധരാത്രിയാണ് വയനാട്ടില്‍ നാടിനെ നടുക്കിയ കൊള്ള നടന്നത്. പിടിയിലായ മോഷണ സംഘത്തിനെതിരെ സമാന രീതിയില്‍ കവര്‍ച്ച നടത്തിയതിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസുണ്ട്. പിടിയിലായ സംഘത്തിലെ 14 പേരുടെയും അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു.

തൃശ്ശൂര്‍ സ്വദേശികളായ സംഘത്തിലെ ഒരാള്‍കൂടി ഇനി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version