രാജ്യത്തിന് മാതൃകയായി എംആര്‍എസുകള്‍; നേട്ടം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

1990-91 ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ജവഹര്‍ നവോദയ സ്‌കൂള്‍ മാതൃകയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്.

തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി മാറിയ എംആര്‍എസുകളുടെ നേട്ടം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍. പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ച സ്ഥാപനങ്ങളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നറിയപ്പെടുന്നതാണ് എംആര്‍എസുകള്‍. ഇവയാണ് ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുന്നത്.

ഒന്നാം ക്ലാസ്സില്‍ ഈ സ്‌കൂളില്‍ വന്നുചേരുന്ന വിദ്യാര്‍ത്ഥി അവിടെ തന്നെ താമസിച്ച് 12-ാം ക്ലാസ് വരെ പഠിക്കുന്നു. ഇവര്‍ക്കായി താമസം, ഭക്ഷണം, വസ്ത്രം, പഠന സാമഗ്രികള്‍ എന്നിവ സര്‍ക്കാര്‍ തന്നെ സൗജന്യമായി നല്‍കുന്നുവെന്ന് മന്ത്രി കുറിച്ചു.

അധ്യാപകരും ജീവനക്കാരും സ്‌കൂള്‍ കാംപസില്‍ തന്നെ താമസിച്ച് വിദ്യാര്‍ത്ഥികളുടെ പഠനവും അനുബന്ധ കാര്യങ്ങളും ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 1990-91 ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ജവഹര്‍ നവോദയ സ്‌കൂള്‍ മാതൃകയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

രാജ്യത്തിന് മാതൃകയായി എംആര്‍എസുകള്‍

പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ച സ്ഥാപനങ്ങളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നറിയപ്പെടുന്ന എം.ആര്‍.എസുകള്‍. ഒന്നാം ക്ലാസ്സില്‍ ഈ സ്‌കൂളില്‍ വന്നുചേരുന്ന വിദ്യാര്‍ത്ഥി അവിടെ തന്നെ താമസിച്ച് 12-ാം ക്ലാസ് വരെ പഠിക്കുന്നു. താമസം, ഭക്ഷണം, വസ്ത്രം, പഠന സാമഗ്രികള്‍ എന്നിവ സര്‍ക്കാര്‍ തന്നെ സൗജന്യമായി നല്‍കുന്നു. അധ്യാപകരും ജീവനക്കാരും സ്‌കൂള്‍ കാമ്പസ്സില്‍ തന്നെ താമസിച്ച് വിദ്യാര്‍ത്ഥികളുടെ പഠനവും അനുബന്ധ കാര്യങ്ങളും ശ്രദ്ധിക്കുന്നു.

1990 -91 ല്‍ എല്‍ ഡി എഫ് സര്‍ക്കാരാണ് ജവഹര്‍ നവോദയ സ്‌കൂള്‍ മാതൃകയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ ഇരുപതും പട്ടികജാതി വകുപ്പിന്റെ കീഴില്‍ ഒന്‍പതും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുണ്ട്. മഹാത്മാ അയ്യന്‍കാളിയുടെ പേരില്‍ ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളും പ്രവര്‍ത്തിക്കുന്നു. പട്ടികവര്‍ഗ്ഗ എം.ആര്‍.എസുകളില്‍ ആകെ 6070 വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 3320 പെണ്‍കുട്ടികളും 2750 ആണ്‍കുട്ടികളുമാണ്.
ആരംഭകാലത്ത് നിരവധി ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്ന പട്ടികവര്‍ഗ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങള്‍, സ്വച്ഛമായ പഠനാന്തരീഷം, മികച്ച അദ്ധ്യാപകര്‍, മികച്ച ഭക്ഷണം, താമസ സൗകര്യങ്ങള്‍, ലൈബ്രറി, സ്‌പോര്‍ട്‌സ് പരിശീലനം തുടങ്ങി ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ളതെല്ലാം എം.ആര്‍.എസുകളില്‍ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പാലോടിനടുത്തുള്ള ഞാറനീലി പട്ടികവര്‍ഗ എം ആര്‍ എസില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് അടുത്ത കാലത്ത് ലഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഞാറ നീലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നിരവധി പദ്ധതികള്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും പഠനം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പാക്കി. മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ട്, ഔട്ട്‌ഡോര്‍ ഫിറ്റ്‌നസ് സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി, സ്റ്റീമര്‍ കിച്ചണ്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സോളാര്‍ പാനല്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടര്‍ പ്ലാന്റ്, ജലശുദ്ധീകരണ സംവിധാനം, കമ്പ്യൂട്ടര്‍ ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജനറേറ്റര്‍ റൂം, മിനി മാസ്‌ററ് ലൈറ്റ്, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവ സ്ഥാപിച്ചു. സമാനമായ സൗകര്യങ്ങളും സംവിധാനങ്ങളും എല്ലാ എം ആര്‍ എസുകളിലും ഒരുക്കി. മികച്ച വിജയശതമാനത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എം.ആര്‍.എസുകള്‍ ഉയരുകയാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന കുട്ടികള്‍ ഒന്നിച്ചു പഠിച്ചു വളരുന്ന ഉത്തമ വിദ്യാഭ്യാസ കേന്ദ്രങ്ങളായി എം.ആര്‍.എസുകള്‍ മാറിയിട്ടുണ്ട്. ഇനിയും മികച്ച അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെയെന്നു ആശംസിക്കുന്നു.

Exit mobile version