ഗദ്ദിക 2019-20; നാടന്‍ കലാമേള-ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25

പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലേര്‍പ്പെട്ടിട്ടുള്ള പട്ടികജാതി വ്യക്തികള്‍ക്കും, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്കും ഗദ്ദികയില്‍ പങ്കെടുക്കാം.

തിരുവനന്തപുരം: നാടന്‍ കലാമേള-ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയായ ഗദ്ദിക 2019-20യിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഈ മാസം 25നാണ് അവസാന തീയതി. അതിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്വയംതൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി -പട്ടിക വര്‍ഗ വികസന വകുപ്പുകളുടേയും കിര്‍ടാഡ്‌സിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ഗദ്ദിക 2019-20 എന്ന പേരില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും കലാമേളയും സംഘടിപ്പിക്കുന്നത്.

പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലേര്‍പ്പെട്ടിട്ടുള്ള പട്ടികജാതി വ്യക്തികള്‍ക്കും, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്കും ഗദ്ദികയില്‍ പങ്കെടുക്കാം. കൂടാതെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും താല്‍പര്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂര്‍ണ്ണ മേല്‍വിലാസം(ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അതും 2019 ഒക്‌ടോബര്‍ 25-ാം തീയതി വൈകുന്നേരം 5 മണിക്ക് മുന്‍പായി തന്നെ. ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസനവകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അപേക്ഷ അയച്ചു കൊടുക്കുകാണ് ചെയ്യേണ്ടത്.

ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിലധികം സ്റ്റാള്‍ അനുവദിക്കുന്നതല്ലെന്ന് നിര്‍ദേശമുണ്ട്. കൂടാതെ പൈതൃകമായ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയൊള്ളൂ. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

Exit mobile version