ഈ പ്രിയസുഹൃത്തിനെ കണ്ടു കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു

എന്നാല്‍ കേസ് എടുത്തതിനു പിന്നാലെ ഈ മകന്‍ ഒളിവില്‍ പോയിരുന്നു.

കൊച്ചി: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാം കണ്ടതാണ്. വന്‍ രോഷമാണ് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിച്ചത്. സംഭവം വൈറലായതോടെ പിതാവിനെ മര്‍ദ്ദിച്ച മകനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

എന്നാല്‍ കേസ് എടുത്തതിനു പിന്നാലെ ഈ മകന്‍ ഒളിവില്‍ പോയിരുന്നു. ഇപ്പോള്‍ ഇയാള്‍ പിടിയിലായ വിവരം പോലീസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഈ പ്രിയസുഹൃത്തിനെ കണ്ടു കിട്ടിയതായ വിവരം നിങ്ങളേവരോടും സന്തോഷപൂര്‍വ്വം അറിയിക്കുന്നു’ എന്ന് ട്രോള്‍ രൂപേണയാണ് ഇയാള്‍ പിടിയിലായ കാര്യം പങ്കുവെച്ചത്.

ലോക വയോജന ദിനത്തിലാണ് പിതാവിനെ മര്‍ദ്ദിക്കുന്ന മകന്റെ ദൃശ്യങ്ങള്‍ എത്തിയത്. സംഭവത്തില്‍ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതില്‍ രതീഷിനെ (29)യാണ് പോലീസ് പിടികൂടിയത്. കുറത്തികാട് പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. കുറത്തികാട് സബ് ഇന്‍സ്പെക്ടര്‍ എസി വിപിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായതെന്ന് പോലീസ് കുറിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ലോക വയോജന ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ വിഷയത്തില്‍ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതില്‍ രതീഷിനെതിരെ (29) കുറത്തികാട് പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായിരുന്നില്ല. കുറത്തികാട് സബ് ഇന്‍സ്പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തില്‍ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി ബഹു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Exit mobile version