കണ്ണിന്റെ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നല്‍കിയ മൂന്ന് വയസ്സുകാരന്‍ മരിച്ചു; കോംട്രസ്റ്റ് ആശുപത്രിയ്‌ക്കെതിരെ നടപടി

കോഴിക്കോട്: കണ്ണിന്റെ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നല്‍കിയ മൂന്ന് വയസ്സുകാരന്‍ മരിച്ചു. കോംട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. മലപ്പുറം ചേളാരി പൂതേരിപ്പറമ്പില്‍ രാജേഷിന്റെയും ആതിരയുടെയും മകന്‍ അനയ് (3) ആണ് മരിച്ചത്. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാരോപിച്ച് ആശുപത്രിയ്ക്ക് മുന്നില്‍ മൃതദേഹവുമായെത്തി ബന്ധുക്കള്‍ പ്രതിഷേധിച്ചു.

കളിച്ചുകൊണ്ടിരിക്കെ കണ്ണില്‍ ചീള് കയറിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് അനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയ്ക്ക് അനസ്‌തേഷ്യ നല്‍കുകയായിരുന്നു. ഇതോടെ ചുണ്ട് നീലിച്ച് കോടുകയും ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം, കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് അറിയിക്കാതെ ആരോഗ്യനില ഗുരുതരമാണെന്നും പറഞ്ഞ് കോംട്രസ്റ്റ് ആശുപത്രി അധികൃതര്‍ നേരിട്ട് മിംസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഉച്ചക്ക് ഒരു മണിയോടെയാണ് മിംസിലേക്ക് മാറ്റിയത്. എന്നാല്‍ കുട്ടിയെ മിംസ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

കുട്ടിയുടെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതര്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് കുട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ കോംട്രസ്റ്റ് ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version