ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച അവരുടെ ദേശീയനേതാവ് ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ല; മുല്ലപ്പള്ളിക്ക് മറുപടി നല്‍കി മന്ത്രി എകെ ബാലന്‍

മുല്ലപ്പള്ളിയുടെ പ്രയോഗം ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതായിരുന്നില്ല.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെ തരംതാഴ്ത്തി നുണപ്രചാരണങ്ങള്‍ നടത്തുന്നതിന് മറുപടി നല്‍കി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടിയുമായി എത്തിയത്. കഴിഞ്ഞ ദിവസം വികെ പ്രാശാന്ത് ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണെന്ന് പറഞ്ഞിരുന്നു ഇതിനാണ് മന്ത്രി മറുപടി നല്‍കിയത്.

ഊതിവീര്‍പ്പിച്ച ബലൂണ്‍ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പ്രയോഗം ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. എഐസിസിയുടെ മുന്‍ പ്രസിഡന്റിനും ഇപ്പോഴത്തെ കോണ്‍ഗ്രസിനും ചേരുന്നതാണ് ആ പ്രയോഗം. ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച അവരുടെ ദേശീയനേതാവ് ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്ന് മന്ത്രി വിമര്‍ശിച്ചു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുമ്പൊരിക്കലും കാണാത്ത സ്വീകാര്യതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വികെ പ്രശാന്തിന് അനുകൂലമായി കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതതെ കുടുംബയോഗങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തവും ആവേശവും ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുമ്പൊരിക്കലും കാണാത്ത സ്വീകാര്യതയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. വി കെ പ്രശാന്തിന് അനുകൂലമായി കാണാന്‍ കഴിയുന്നത്. കുടുംബയോഗങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തവും ആവേശവും ഇതാണ് തെളിയിക്കുന്നത്.

മേയര്‍ എന്ന നിലയില്‍ പ്രളയകാലത്ത് ശ്രീ. വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തില്‍ നല്ല സ്വീകാര്യതയുണ്ടായി. ഇതിനെ വളരെ തരംതാണ രൂപത്തിലാണ് ഈ മണ്ഡലത്തിന്റെ മുന്‍ എംഎല്‍എ ഹയും ഇപ്പോള്‍ എംപിയുമായ ശ്രീ. കെ മുരളീധരന്‍ ചിത്രീകരിച്ചത്. ഒരു പൊതു പ്രവര്‍ത്തകന് ചേരാത്ത നിലയില്‍ തിരുവനന്തപുരം കോര്‍പറേഷന്റെ സമ്പത്തും വിഭവങ്ങളും മലബാറിലേക്ക് കൊണ്ടുപോയതാണോ നേട്ടം എന്ന ചോദ്യം വല്ലാത്ത മാനസിക നിലയുള്ളവര്‍ക്കു മാത്രമേ ചോദിക്കാന്‍ കഴിയൂ. തെക്കുള്ള ഈ മണ്ഡലത്തെ ഉപേക്ഷിച്ച് മലബാറില്‍ പോയി എംപി ആയ ആളുടേതാണ് ഈ ചോദ്യം എന്നതാണ് അതിലേറെ പരിഹാസ്യം. യഥാര്‍ത്ഥത്തില്‍ അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങിയ അനുഭവമാണ് മുരളിക്കും യു ഡി എഫിനും ഇതിലൂടെ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഊതിവീര്‍പ്പിച്ച ബലൂണ്‍ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പ്രയോഗം ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. എഐസിസിയുടെ മുന്‍ പ്രസിഡന്റിനും ഇപ്പോഴത്തെ കോണ്‍ഗ്രസിനും ചേരുന്നതാണ് ആ പ്രയോഗം. ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച അവരുടെ ദേശീയനേതാവ് ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ല.

കഴിഞ്ഞ മൂന്ന് ദിവസമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുടുംബയോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കുകയാണ്. യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനേക്കാള്‍, പങ്കെടുക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് പ്രാധാന്യം നല്‍കിയത്. മണ്ഡലത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത് വളരെ സഹായിച്ചു. മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ കെ മുരളീധരന്റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് ലഭിച്ചില്ല. മരണവീട്ടിലും കല്യാണവീട്ടിലും പോകുന്നതിനപ്പുറം വികസന പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അനാസ്ഥയാണ് കുടുംബയോഗങ്ങളില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്.

എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ചികിത്സാസഹായം പോലും വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. എംഎല്‍എക്ക് ഇടപെടാന്‍ കഴിയുമായിരുന്ന, മണ്ഡലത്തിലെ പാവപ്പെട്ടവരുടെ പട്ടയ പ്രശ്‌നത്തിലും അദ്ദേഹം ഇടപെട്ടില്ല. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും ഇവിടത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. പ്രത്യേകിച്ചും അടിസ്ഥാന വിഭാഗത്തിന്. എംഎല്‍എയുടെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ ദുഃസ്ഥിതി ഉണ്ടാകുമായിരുന്നില്ല. ഇടത്തരക്കാരും ഞാന്‍ കണ്ട സാംസ്‌കാരിക പ്രവര്‍ത്തകരും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.

ഇതിനോടെല്ലാമുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ഇത് മറച്ചുവെക്കാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതും നുണപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതും. ഇത് മണ്ഡലത്തിലെ ജനങ്ങള്‍ നല്ലതുപോലെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ ചരിത്രത്തിലെ അഭിമാനകരമായ വിജയം ശ്രീ. വി കെ പ്രശാന്ത് നേടുമെന്നതില്‍ സംശയമില്ല.

Exit mobile version