കളിയിലൂടെയും പാട്ടിലൂടെയും കുട്ടികളെ കണക്ക് പഠിപ്പിച്ച് ഒരു ടീച്ചര്‍; വിദ്യാരംഭ ദിനത്തില്‍ നല്ലൊരു കാഴ്ചയെന്ന് വീഡിയോ പങ്കുവെച്ച് തോമസ് ഐസക്

വില്ലനായ കണക്കിനെ എങ്ങനെ രസകരമായി പഠിപ്പിക്കാം എന്ന് കാണിച്ചു തരികയാണ് ജെസി ടീച്ചര്‍

തൃശ്ശൂര്‍: വിദ്യാരംഭദിനമായ ഇന്ന് കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ചയാണ് ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കണക്ക് വിഷയത്തെ പേടിച്ച് സ്‌കൂളില്‍ പോലും പോകാന്‍ മടിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ കളിയിലൂടെയും പാട്ടിലൂടെയും രസകരമായി കണക്ക് വശത്താക്കാം എന്ന് കാണിച്ചു തരുന്ന ഒരു ടീച്ചറുടെ വീഡിയോയാണ് ധനമന്ത്രി പങ്കുവെച്ചിരിക്കുന്നത്.

ഭൂരിഭാഗം കുട്ടികളുടേയും സ്‌കൂള്‍ ജീവിതത്തിലെ വില്ലനാണ് കണക്ക്. എന്നാല്‍ ഒരു ഇഷ്ടം തോന്നിയാല്‍ പഠിക്കാന്‍ കണക്കിലും വേറെ രസമുള്ള വിഷയമുണ്ടാകില്ലെന്നതും സത്യം തന്നെ. വില്ലനായ കണക്കിനെ എങ്ങനെ രസകരമായി പഠിപ്പിക്കാം എന്ന് കാണിച്ചു തരികയാണ് ജെസി ടീച്ചര്‍.

തള്ളക്കോഴിയുടേയും കുഞ്ഞുങ്ങളുടേയും പാട്ടിലൂടെയാണ് മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളിലെ ജെസി ടീച്ചര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ എങ്ങനെ കണക്ക് പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃകയാണ് ജെസി ടീച്ചറുടെ വീഡിയോ എന്ന് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അദ്ദേഹം ആശംസകളും നേര്‍ന്നു.

ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വിദ്യാരംഭ ദിനത്തില്‍ നല്ലൊരു കാഴ്ച. മുഹമ്മ സിഎംഎസ് എല്‍ പി സ്‌കൂളിലെ ജെസിടീച്ചര്‍ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളെ എങ്ങിനെ കണക്ക് പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃക. ഈ സ്‌കൂളിലെ പ്രധാനാധ്യാപികയും അധ്യാപക അവാര്‍ഡ് ജേത്രിയുമായ ജോളി തോമസിനെ കുറിച്ച് ഫേസ്ബുക്കില്‍ പലവട്ടം എഴുതിയിട്ടുണ്ട്. ഇവര്‍ സഹോദരിമാരാണ്. ജെസിടീച്ചറിനെ പോലുള്ളവര്‍ ഒരുമിച്ചാല്‍ ഏതു സ്‌കൂളാണ് ഒന്നാം തരത്തിലേക്ക് മാറാത്തത്. ജില്ലാതലത്തില്‍ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചര്‍.

Exit mobile version