മരട് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി 11ാം തീയതി ആരംഭിക്കും; കമ്പനിയെ 9ാം തീയതിക്കകം തീരുമാനിക്കും

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി ആരംഭിക്കും. പൊളിക്കാനുള്ള കമ്പനിയെ 9ാം തിയതിക്കകം തന്നെ തീരുമാനിക്കും. പ്രദേശത്തുള്ള താമസക്കാരുടെ സുരക്ഷ പരിഗണിച്ചാണ് പൊളിക്കല്‍ നടപടി. ഫ്‌ളാറ്റ് പൊളിക്കല്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

ഫ്‌ളാറ്റ് പൊളിക്കല്‍ നടപടിക്രമങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള സബ്കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഫ്‌ലാറ്റ് പൊളിക്കാനുള്ള കമ്പനിയുടെ തിരഞ്ഞെടുപ്പും ഉമകളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു.

പതിനൊന്നാം തിയ്യതി ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറാനാണ് തീരുമാനം. മുന്‍ പരിചയവും സാങ്കേതിക മികവും കണക്കിലെടുത്താവും കമ്പനികളെ നിശ്ചയിക്കുക. സുപ്രിം കോടതി നിര്‍ദേശിച്ച സമയ പരിധിയില്‍ തന്നെ നഷ്ട പരിഹാരം ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കും. ആര്‍ക്കൊക്കെ നഷ്ടപരിഹാരം നല്‍കണെമെന്ന് വിദ്ധക്ത സമിതിയായിരിക്കും തീരുമാനിക്കുക. അതേസമയം ഫ്‌ളാറ്റുകളിലുണ്ടായിരുന്ന താമസക്കാര്‍ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്.

Exit mobile version