മുന്നണിമാറ്റം തള്ളാതെ ബിഡിജെഎസ്; രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ബിഡിജെഎസിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും അരൂര്‍ സീറ്റില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് പാല ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ച സമീപനം മൂലമാണെന്നും തുഷാര്‍ പറഞ്ഞു.

എന്നാല്‍ മുന്നണിമാറ്റം ബിഡിജെഎസ് തള്ളിയിട്ടില്ല. എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നിലവില്‍ എന്‍ഡിഎയില്‍ ഉറച്ചുനിലക്കാനാണ് ബിഡിജെഎസ് തീരുമാനമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നത് പ്രശ്‌നങ്ങള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തി. സംസ്ഥാനത്തെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറിനിന്ന്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും അതില്‍ ഒന്നും ബിജെപി ഇടപെടാന്‍ തയ്യാറായില്ല. അരൂര്‍ സീറ്റ് ഉപേക്ഷിച്ച് മാറി നിന്നിട്ടും ബിജെപി, ബിഡിജെഎസിന് വില കൊടുത്തില്ലെന്ന് ആരോപണവും ശക്തമാണ്.

പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാതെ വന്നപ്പോഴാണ് ബിഡിജെഎസ് അരൂര്‍ സീറ്റ് ഉപേക്ഷിച്ചത്. എന്നാല്‍ ബിജെപി നേതൃത്വം അത് കാര്യമായി എടുത്തില്ല. കൂടാതെ ബിഡിജെഎസ് ഉപേക്ഷിച്ച അരൂര്‍ സീറ്റിലേക്ക് പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ പ്രതിഷേധം ബിജെപി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

Exit mobile version