ഇങ്ങനെ ആയിരക്കണക്കിന് പുഞ്ചിരികള്‍ പടരട്ടെ; പഠന മുറിയിലിരിക്കുന്ന സാന്ദ്രയുടെ ചിത്രവുമായി മന്ത്രി എകെ ബാലന്‍

സാന്ദ്രയുടേതു പോലുള്ള ആയിരക്കണക്കിന് പുഞ്ചിരികള്‍ പടരട്ടെ എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് മന്ത്രി കുറിച്ചു.

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പഠനമുറി എന്ന പദ്ധതി വിഭാവനം ചെയ്തത്. ഇന്ന് ലോകപുഞ്ചിരി ദിനത്തില്‍ പുഞ്ചിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എകെ ബാലന്‍. പഠനമുറിയില്‍ ഇരുന്ന് പഠിക്കുന്ന +2 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്രയുടെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.

സാന്ദ്രയുടേതു പോലുള്ള ആയിരക്കണക്കിന് പുഞ്ചിരികള്‍ പടരട്ടെ എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് മന്ത്രി കുറിച്ചു. പാലക്കാട് ബിഗ് ബസാര്‍ സ്‌കൂളില്‍ പഠിക്കുന്ന സാന്ദ്ര തേക്കിന്‍കാട് കല്ലേപ്പുള്ളി രാജീവിന്റെയും രാധികയുടെയും മകളാണ്. പുതിയ തലമുറയിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ ജീവിതനിലവാരത്തില്‍ സ്ഥായിയായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പഠനമുറി എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രയാസകരമായ ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസ അന്തരീക്ഷം വീട്ടിലുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. എട്ടാംക്ലാസ് മുതല്‍ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ള വീടുകളോട് ചേര്‍ന്നാണ് പഠനമുറികള്‍ അനുവദിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. 120 ചതുരശ്ര അടിയില്‍ മികച്ച സൗകര്യങ്ങളോട് കൂടിയാണ് മുറി ഒരുക്കിയത്. മേശ, കസേര, ബുക്ക്റാക്ക്, കംപ്യൂട്ടര്‍ എന്നിവ പഠനമുറിയില്‍ ഉണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച പുതിയ പഠന മുറിയിലിരുന്ന് പഠിക്കുന്ന സാന്ദ്രയുടെ പുഞ്ചിരി. ഇത്തരം ആയിരക്കണക്കിന് പുഞ്ചിരികള്‍ പടരട്ടെ. +2 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്ര. പാലക്കാട് ബിഗ് ബസാര്‍ സ്‌കൂളില്‍ പഠിക്കുന്നു. തേക്കിന്‍കാട് കല്ലേപ്പുള്ളി രാജീവിന്റെയും രാധികയുടെയും മകളാണ്.

Exit mobile version