കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

കേരള സര്‍വകലാശാല കായിക പഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെകെ വേണു, സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം ബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍

തിരുവനന്തപുരം: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായിക പഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെകെ വേണു, സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം ബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെയാണ് ഹാമര്‍ തലയില്‍ വീണ് വൊളന്റിയറായ കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

കുട്ടിയ്ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചികിത്സ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം അത്ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ്.

Exit mobile version