വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം; ഷെയര്‍മീല്‍ പദ്ധതിയുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

കൗണ്ടറില്‍ ഭക്ഷണക്കൂപ്പണ്‍ പിന്‍ചെയ്തുവെച്ചിട്ടുണ്ടാവും.

കണ്ണൂര്‍: വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കണമെന്ന് ഒരു നിമിഷമെങ്കിലും നാം ചിന്തിക്കാറുണ്ട്. ചിലര്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും മറ്റും ഭക്ഷണം കൊടുക്കും. ഇത് പതിവ് കാഴ്ചയാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്നം കിട്ടാതെ അലയുന്നവര്‍ അനവധിയുണ്ട്. ഇപ്പോള്‍ ഇത്തരക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍.

ജയില്‍വകുപ്പ് ആവിഷ്‌കരിച്ച ‘ഷെയര്‍മീല്‍’ എന്ന പദ്ധതി പ്രകാരം വിശക്കുന്ന ആര്‍ക്കും കൂപ്പണ്‍ കാണിച്ചുകൊണ്ട് ജയില്‍ കൗണ്ടറില്‍നിന്ന് ചപ്പാത്തിയും കറിയും വാങ്ങിക്കഴിക്കാം. കൗണ്ടറില്‍ ഭക്ഷണക്കൂപ്പണ്‍ പിന്‍ചെയ്തുവെച്ചിട്ടുണ്ടാവും. ആവശ്യക്കാര്‍ക്ക് ആ കൂപ്പണെടുത്ത് കൗണ്ടറില്‍ കൊടുത്താല്‍ ഭക്ഷണപാക്കറ്റ് സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ എട്ടിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിക്കും.

ഈ പദ്ധതിയുടെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം;

ഒരുനേരത്തെ ആഹാരത്തിന്റെ പണം കൗണ്ടറില്‍ നല്‍കുക. ജയിലധികൃതര്‍ ഒരു കൂപ്പണ്‍ ബോര്‍ഡില്‍ പിന്‍ചെയ്യും. എത്ര കൂപ്പണ്‍ വേണമെങ്കിലും ഇതുപോലെ പണമടച്ചുവാങ്ങി പിന്‍ചെയ്യാം. ആര് പണം നല്‍കിയെന്നോ ആര് കൂപ്പണ്‍ വാങ്ങി ഭക്ഷണം കഴിച്ചുവെന്നോ പുറത്തറിയില്ല. ജയിലിലുണ്ടാക്കുന്ന ഭക്ഷണമാണ് നല്‍കുക.

Exit mobile version