കത്തയച്ചതിന് കേസ് എടുത്ത സംഭവം; എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്; വിമര്‍ശനവുമായി കോടിയേരി

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി
ഫാസിസ്റ്റ് സമീപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു. അടൂരിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കോടിയേരി പറഞ്ഞു. ജയ് ശ്രീറാമിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിനാണ് 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, മണിരത്നം തുടങ്ങി 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെ വിമര്‍ശിച്ച് നേരത്തെ വിഎസ് അച്യുതാനന്ദനും രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. കേസ് എടുത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാളെ ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്‌ഐയും എഐവൈഎഫും അറിയിച്ചിരുന്നു.

Exit mobile version