റോഡ് നിര്‍മ്മാണത്തില്‍ അപാകത, സര്‍ക്കാരിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും; മന്ത്രി ജി സുധാകരന്‍

ഷൊര്‍ണ്ണൂര്‍ - പെരിന്തല്‍മണ്ണ റോഡില്‍ ചെയ്ത ബിഎം പൂര്‍ണ്ണമായും ഇളകിയത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു.

തിരുവനന്തപുരം: റോഡ് നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി നടപടി എടുത്ത് മന്ത്രി ജി സുധാകരന്‍. ഷൊര്‍ണ്ണൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ ചെയ്ത ബിഎം പൂര്‍ണ്ണമായും ഇളകിയത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഎം പ്രവൃത്തിയുടെ ഗുണനിലവാരക്കുറവും മേല്‍നോട്ടക്കുറവും മൂലം സംഭവിച്ചതാണെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ മന്ത്രി സസ്‌പെന്‍ഡ് ചെയ്തു.

കൂടാതെ കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനും സര്‍ക്കാരിനുണ്ടായ നഷ്ടം വിരമിച്ച അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കോണ്‍ട്രാക്ടര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നിവരില്‍ നിന്നും ഈടാക്കിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി ശാലിനിത കെ (ഇപ്പോള്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ നിരത്തു സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഓവര്‍സിയറായ ശ്രീ ജയകൃഷ്ണന്‍ വിസി (ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ നിരത്തു സെക്ഷന്‍) എന്നിവരെയാണ് മന്ത്രി സസ്‌പെന്റ് ചെയ്തത്.

നിര്‍മ്മാണം നടക്കുമ്പോള്‍ ഗുണനിലവാരവും, മേല്‍നോട്ടവും നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്ന് മന്ത്രി പറയുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഷൊര്‍ണ്ണൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ (14/750 മുതല്‍ 15/250 വരെയുള്ള ഭാഗത്ത്) ചെയ്ത ബി.എം പൂര്‍ണ്ണമായും ഇളകിയത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉത്തര മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറില്‍ നിന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് വാങ്ങുകയും ബി.എം പ്രവൃത്തിയുടെ ഗുണനിലവാരക്കുറവും മേല്‍നോട്ടക്കുറവും മൂലം സംഭവിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു.

അതിനാലാണ് ഈ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി ശാലിനിത കെ (ഇപ്പോള്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ നിരത്തു സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഓവര്‍സിയറായ ശ്രീ ജയകൃഷ്ണന്‍ വി.സി (ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ നിരത്തു സെക്ഷന്‍) എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ ഒ.ബി മധു പാലക്കാട് ഷൊര്‍ണൂര്‍ നിരത്ത് ഉപവിഭാഗം ഓഫീസില്‍ നിന്നും വിരമിച്ചതാണ്.

കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‌പ്പെടുത്തുന്നതിനും സര്‍ക്കാരിനുണ്ടായ നഷ്ടം വിരമിച്ച അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കോണ്‍ട്രാക്ടര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നിവരില്‍ നിന്നും ഈടാക്കിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മ്മാണം നടക്കുമ്പോള്‍ ഗുണനിലവാരവും, മേല്‍നോട്ടവും നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

Exit mobile version