വ്യത്യസ്ത പാതകളിലൂടെ വിയ്യൂര്‍ ജയിലിന്റെ സഞ്ചാരം; നടത്തിയ പുസ്തകമേളയില്‍ അന്തേവാസികള്‍ വാങ്ങിയത് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍

രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു മേള സംഘടിപ്പിച്ചത്.

തൃശ്ശൂര്‍: വ്യത്യസ്ത പാതകളിലൂടെയാണ് വിയ്യൂര്‍ ജയിലിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. കോടികള്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച അടുക്കളയും ഓഫറില്‍ നല്‍കുന്ന ഭക്ഷണം തുടങ്ങി നിരവധിയാണ് വിയ്യൂര്‍ ജയിലിന് സ്വന്തമായി ഉള്ളത്. ഇപ്പോള്‍ വ്യത്യസ്തമായി ഒരു പുസ്തകമേളയും നടത്തിയിരിക്കുകയാണ്. ഗാന്ധി ജയന്തി ദിനത്തിലാണ് പുസ്തകമേള സംഘടിപ്പിച്ചത്. അതില്‍ ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് തടവുകാര്‍ വാങ്ങിക്കൂട്ടിയത്.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ആണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്. പുസ്തകമേളയില്‍ തടവുകാര്‍ക്കൊപ്പം ചെലവിടാനായും സംവദിക്കാനായും കഥാകൃത്ത് അശോകന്‍ ചരുവിലും കവി രാവുണ്ണി അടക്കമുള്ളവരും ജയിലില്‍ എത്തിയിരുന്നു. ബിനാലെ വേദിക്ക് സമാനമായി തടവുകാര്‍ തന്നെ ഇല്ലസ്‌ട്രേഷനും വിവിധ രൂപങ്ങളും തയ്യാറാക്കിയിരുന്നു. ഇതും മേളയ്ക്ക് ആവേശം പകര്‍ന്നു.

രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു മേള സംഘടിപ്പിച്ചത്. നാലുമണിക്കൂറിനകം 1.10 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിറ്റു പോയത്. അത് വാങ്ങിയതാകട്ടെ തടവുകാരും. ഇത് ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്കാണ് വഴിവെച്ചത്. പണം ചെലവഴിക്കാന്‍ ജയിലില്‍ കടുത്ത നിബന്ധനകളുണ്ടെങ്കിലും പുസ്തകങ്ങള്‍ വാങ്ങുന്നതിന് ഈ നിബന്ധനകളില്‍ ജയില്‍ അധികൃതര്‍ ഇളവ് വരുത്തിയിരുന്നു. 32 പേര്‍ ആയിരത്തിലധികം രൂപയ്ക്ക് പുസ്തകം വാങ്ങി.

സജിത്ത് എന്ന തടവുകാരന്‍ മാത്രം വാങ്ങിയത് 7451 രൂപയുടെ പുസ്തകങ്ങളായിരുന്നു. ജയിലിലെ പുസ്തകമേളയറിഞ്ഞ് പുറത്തുനിന്നും ആളുകള്‍ എത്തിയിരുന്നു. ഇവരില്‍ പലരും പുസ്തകങ്ങള്‍ വാങ്ങി. ശേഷം ജയിലിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

Exit mobile version