മരട് ഫ്ളാറ്റ്; താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി നീട്ടി

അതേസമയം മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു

കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി നീട്ടി. ഇന്ന് രാത്രി പന്ത്രണ്ട് മണി വരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് താമസക്കാരോട് ഒഴിഞ്ഞു പോകണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സമയ പരിധി നീട്ടി നല്‍കിയ പശ്ചാത്തലത്തില്‍ വൈദ്യുതി ഉള്‍പ്പെടെ പന്ത്രണ്ട് മണിക്ക് ശേഷമേ വിച്ഛേദിക്കുകയോള്ളൂ എന്നാണ് സൂചന.

അതേസമയം മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.

മറ്റൊരു താമസ സൗകര്യം ശരിയാകും വരെ ഫ്‌ളാറ്റ് ഒഴിയാനുള്ള സമയം നീട്ടി നല്‍കണമെന്ന് ഉടമസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസമാണ് ഉടമസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമയ പരിധി നീട്ടി നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നഗരസഭ. സമയ പരിധി നീട്ടി നല്‍കുന്നത് കോടതി അലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്.

Exit mobile version