മരട് വിഷയത്തില്‍ സര്‍ക്കാര്‍ നിസ്സഹായരാണ്; സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂ; കോടിയേരി ബാലകൃഷ്ണന്‍

അതെസമയം മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീരദേശ പരപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കിയേ മതിയാകൂ എന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

ബലപ്രയോഗം ഇല്ലാതെ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കോടിയേരി പറഞ്ഞു. പരമാവധി സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നും, യാഥാര്‍ത്ഥ്യത്തിനകത്ത് നിന്ന് കൊണ്ട് എന്ത് സഹായങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് അന്വേഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അതെസമയം മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് നഗരസഭ. കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.

ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താല്‍കാലികമായി പുനഃസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും. എന്നാല്‍ പകരം താമസ സ്ഥലം ലഭിക്കാതെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഫ്ളാറ്റ് ഉടമകള്‍.

Exit mobile version