ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടി നല്‍കില്ല; ഒഴിയാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും; നിലപാട് കടുപ്പിച്ച് കളക്ടര്‍

പുനരധിവാസം ആവശ്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ രണ്ട് തവണ അവസരം നല്‍കിയതാണ്. ഇനിയും സമയം നീട്ടിനല്‍കാനാവില്ല.

മരട്: ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. ഫ്‌ളാറ്റില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും, ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

പുനരധിവാസം ആവശ്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ രണ്ട് തവണ അവസരം നല്‍കിയതാണ്. ഇനിയും സമയം നീട്ടിനല്‍കാനാവില്ല. ഫ്‌ളാറ്റുടമകളില്‍ 94 പേര്‍ മാത്രമാണ് താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും സബ് കളക്ടര്‍ പറഞ്ഞു.

ഫ്‌ളാറ്റുകളില്‍ നിന്ന് സുഗമമായി ഒഴിയാന്‍ വേണ്ടി മാത്രമാണ് വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിച്ചത്. ഒഴിയാനുള്ള കാലാവധി കഴിഞ്ഞാല്‍ ഇവ രണ്ടും വിഛേദിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ പരിസര പ്രദേശത്ത് താമസിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ലെന്നും കളക്ടര്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് നഷ്ടങ്ങള്‍ ഉണ്ടായാല്‍, കരാറെടുത്ത ഏജന്‍സികളില്‍ നിന്ന് ഈടാക്കി പരിസരവാസികള്‍ക്ക് നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഒക്ടോബര്‍ 10 വരെ നീട്ടണമെന്നാണ് ഫ്ളാറ്റ് ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യം. പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിഞ്ഞു പോകില്ല. വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ചാലും ഫ്ളാറ്റുകളില്‍ തുടരുമെന്നും ഫ്ളാറ്റുടമകള്‍ വ്യക്തമാക്കി.

താമസിക്കാനായി നഗരസഭ വാടകയ്ക്ക് എടുത്ത് നല്‍കിയ ഫ്ളാറ്റുകളില്‍ പലതും ഒഴിവില്ല. 180 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഫ്ളാറ്റുടമകള്‍ പറയുന്നു. ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണെന്നും, പല ഫ്ളാറ്റുകളും വാങ്ങിയത് ലോണെടുത്താണെന്നും അതിനാല്‍ ലോണ്‍ തിരിച്ചടവും വാടകയും രണ്ടും കൂടി അടയ്ക്കാനാകില്ലെന്നും ഫ്ളാറ്റുടമകള്‍ പറയുന്നു. പുനരധിവാസം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ കലക്ടര്‍ തയ്യാറാകണമെന്നും താമസക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Exit mobile version