പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ സികെ മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കൃഷ്ണ മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ പാട്ടുരായിക്കല്‍ സ്വദേശിയാണ്.

ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി.

1949 ഏപ്രില്‍ 18ന് തൃശൂരിലാണ് അദ്ദേഹത്തിന്റെ ജനനം. ചര്‍ച്ച് മിഷന്‍ സൊസൈറ്റി ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളജ് തൃശൂര്‍, കേരള വര്‍മ്മ കോളജ്, ജബല്‍പൂര്‍ ലോ കോളജ് എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

1976ല്‍ ഖത്തറിലെത്തിയ അദ്ദേഹം 1978ല്‍ ബഹ്‌സാദ് എന്ന പേരില്‍ എണ്ണ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി തുടങ്ങി. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2006ല്‍ പ്രവാസി ഭാരതീയ സമ്മാനും ലഭിച്ചു. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍.

ജയശ്രീ കെ മേനോനാണ് ഭാര്യ. അഞ്ജന, ശ്രീരഞ്ജിനി, ജയകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം തൃശൂരിലെത്തിച്ച് പിന്നീട് സംസ്‌കരിക്കും.

Exit mobile version