പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്താന്‍ സര്‍ക്കാര്‍; മൂന്നിലൊന്ന് സബ്‌സിഡിയുമായി സ്വയം തൊഴില്‍ വായ്പ

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇപ്പോള്‍ സ്വയം തൊഴില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സബ്‌സിഡി നിരക്കില്‍ വായ്പ ലഭിക്കുന്ന പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്കായാണ് ഈ പദ്ധതി.

വായ്പ ലഭിക്കുവാനായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴിലിന്റെ വിശദ വിവരങ്ങളുമായി ബാങ്കിനെ സമീപിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന വായ്പയുടെ മൂന്നിലൊന്ന് സര്‍ക്കാര്‍ സ്ബസിഡിയായി നല്‍കും. ഇത് വ്യക്തിയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയും ഗ്രൂപ്പാണെങ്കില്‍ മൂന്നര ലക്ഷം രൂപ വരെയുമാണ് ലഭിക്കുക. 18 മുതല്‍ 50 വയസുവരെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി.

കൂടാതെ എല്‍എല്‍ബി പഠിച്ചിറങ്ങി പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്കുള്ള സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കുക. ആദ്യവര്‍ഷത്തില്‍ ബുക്കുകള്‍ക്കും മറ്റുമായി 6,250 രൂപയും ഡ്രസ് ഗ്രാന്റിന് 2000 രൂപയും നല്‍കും. രണ്ടാം വര്‍ഷത്തില്‍ സമാനമായി 6,250 രൂപയും 2000 രൂപയും ഒപ്പം റൂം റെന്റായി 3000 രൂപയും നല്‍കും. മൂന്നാം വര്‍ഷവും സമാനം 6,250 രൂപയും 2000 രൂപയും ഒപ്പം റൂം റെന്റായി 3000 രൂപ നല്‍കും.

ഇതിനു പുറമെ ഐടിഐ പാസായവര്‍ക്കും ഉണ്ട് ആനുകൂല്യം. ഡിപ്ലോമയും എന്‍ജിനീയറിങും കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. ഐടിഐക്കാര്‍ക്ക് മാസം 2000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 2500 രൂപയും എന്‍ജിനീയറിങുകാര്‍ക്ക് 3000 രൂപയുമാണ് നല്‍കുന്നത്. ഒപ്പം കംപ്യൂട്ടര്‍ കോഴ്‌സ് പഠിച്ച് ഇറങ്ങിയവര്‍ക്ക് മാസം 5000 രൂപയും നല്‍കും. പട്ടിക ജാതി വകുപ്പിന്റെ കീഴില്‍ ഐടിഐ പാസായവര്‍ക്ക് ഉപയോഗ സാധനങ്ങള്‍ വാങ്ങിക്കുവാനുള്ള തുകയും സര്‍ക്കാര്‍ നല്‍കും.

ഇതിനു പുറമെ പുറംരാജ്യത്ത് പോകുന്നവര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നത് 50,000 രൂപയാണ്. യാത്രയ്ക്കുള്ള ചെലവും വിസയുടെ തുകയും ഈ 50,000ത്തിനുള്ളില്‍പ്പെടും.

Exit mobile version