യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം; നിയുക്ത എംഎല്‍എ മാണി സി കാപ്പന് അഭിനന്ദനങ്ങള്‍, സെല്‍ഫ് ട്രോളുമായി വിടി ബല്‍റാം

മുന്നണിക്കുള്ളിലെ തമ്മില്‍ തല്ലും വാക്‌പോരും രൂക്ഷമായ സാഹചര്യത്തിലാണ് ബല്‍റാമിന്റെ സെല്‍ഫ് ട്രോള്‍.

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന് തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ ലീഡ് നില മൂവായിരം കടന്നിരിക്കുകയാണ്. കാപ്പന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. നഗരത്തില്‍ ആഹ്ലാദ പ്രകടനവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇറങ്ങി കഴിഞ്ഞു.

ഇപ്പോള്‍ യുഡിഎഫ് നേരിട്ട തിരിച്ചടിയില്‍ സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് തൃത്താല എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സെല്‍ഫ് ട്രോള്‍. യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം എന്നാണ് നേതാവ് കുറിച്ചത്. കൂടാതെ നിയുക്ത എംഎല്‍എ മാണി സി കാപ്പന് അഭിനന്ദനങ്ങളെന്നും ബല്‍റാം കാണിച്ചു.

മുന്നണിക്കുള്ളിലെ തമ്മില്‍ തല്ലും വാക്‌പോരും രൂക്ഷമായ സാഹചര്യത്തിലാണ് ബല്‍റാമിന്റെ സെല്‍ഫ് ട്രോള്‍. എന്നാല്‍ വോട്ടുകള്‍ എണ്ണിതീരുന്നതിനു മുന്‍പേ തന്നെ മുന്നണിക്കുള്ളില്‍ വാക്‌പോരും തുടങ്ങിയിരുന്നു. ഇതിനെയും ലക്ഷ്യമിട്ടാണ് ബല്‍റാമിന്റെ കുറിപ്പ്. കെഎം മാണിയുടെ വിയോഗത്തില്‍ സഹതാപ വോട്ടുകള്‍ പോലും നേടാന്‍ കഴിയാതെയിരുന്നത് വലിയ പരാജയം തന്നെയെന്ന് ശരിവെയ്ക്കുന്നതാണ് ഇപ്പോഴുള്ള എല്‍ഡിഎഫിന്റെ വിജയം.

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പോലും കേരള കോണ്‍ഗ്രസില്‍ ജോസഫ് ജോസ് വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത പോരായിരുന്നു പോളിങ് ദിവസത്തില്‍ പോലും ഇത് മറനീക്കി പുറത്ത് വന്നിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നണിയെ ഒരുമിപ്പിച്ച് കൊണ്ടുപോകുവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും കഴിഞ്ഞില്ല. ഇതിനെയെല്ലാം പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ബല്‍റാമിന്റെ ട്രോള്‍.

ആദ്യഘട്ടത്തിലെ വോട്ടെണ്ണലില്‍ തന്നെ മാണി സി കാപ്പന്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. 13 റൗണ്ടില്‍ ഇതുവരെ മൂന്നിടത്താണ് യുഡിഎഫിന് ലീഡ് നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നത്. മറ്റുള്ളിടത്ത് ചുവപ്പ് കൊടി പാറിക്കഴിഞ്ഞു. എണ്ണാന്‍ ഇരിക്കുന്ന രണ്ടാം ഘട്ടത്തിലും മാണി സി കാപ്പാന്‍ ലീഡ് നിലനിര്‍ത്തും എന്നതില്‍ സംശയമില്ല.

Exit mobile version