മഞ്ചേശ്വരത്തോ കോന്നിയോ മത്സരിക്കണമെന്ന് പാര്‍ട്ടി; നിര്‍ദേശം തള്ളി കെ സുരേന്ദ്രന്‍, യോഗം തീരും മുന്‍പേ മടങ്ങി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയം ഏറ്റുവാങ്ങിയത്.

k surendran | Bignewslive

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തോ കോന്നിയോ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശത്തെ തള്ളി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന സമിതിയോഗത്തിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ മത്സരിക്കാനാകില്ലെന്ന് നേതാവ് വ്യക്തമാക്കുകയായിരുന്നു. സംസ്ഥാന സമിതി യോഗം തീരും മുന്‍പേ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയം ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കോന്നിയില്‍ 28,000 ത്തോളം വോട്ടുകള്‍ സമാഹരിക്കാനും സുരേന്ദ്രനായി. ഇവയെല്ലാം കണക്കിലെടുത്താണ് കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമായത്.

എന്നാല്‍ മത്സരിക്കണമെന്ന ആവശ്യത്തെ സംസ്ഥാന സമിതി യോഗത്തില്‍ വച്ചുതന്നെ സുരേന്ദ്രന്‍ പാടെ തള്ളുകയായിരുന്നു. കോന്നിയിലോ മഞ്ചേശ്വരത്തോ അല്ല ഈ ഉപതെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ ഇല്ലെന്ന് നേതാവ് തുറന്ന് പറയുകയായിരുന്നു. സുരേന്ദ്രനെ കൂടാതെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടും സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹവും അത് നിരസിക്കുകയായിരുന്നു.

Exit mobile version