നടുറോഡില്‍ ബൈക്കില്‍ സഞ്ചരിച്ച യാത്രികനെ ഇടിച്ചിട്ടു; നിര്‍ത്താതെ പാഞ്ഞ് സ്വകാര്യ ബസ്, ടയറിനടിയില്‍ പെടാതെ യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം ബസ് നിര്‍ത്താതെ പായുകയായിരുന്നു

പയ്യന്നൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. നിരത്തിലിറങ്ങിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പായലാണ് പല ബസുകളും നടത്തുന്നത്. ഇതിനിടയില്‍ ജീവന്‍ പൊലിയുന്നവരും അനവധിയാണ്. ഇപ്പോള്‍ അത്തരത്തിലൊരു സ്വകാര്യ ബസിന്റെ പാച്ചിലാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. പയ്യന്നൂര്‍ നഗരത്തിലാണ് സംഭവം. ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം ബസ് നിര്‍ത്താതെ പായുകയായിരുന്നു.

പയ്യന്നൂര്‍ സ്വദേശി രവീന്ദ്രന്‍ തലനാരിഴയ്ക്കാണ് ടയറിനടിയില്‍ പെടാതെ രക്ഷപ്പെട്ടത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പയ്യന്നൂര്‍ മെയിന്‍ റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. റോഡിന്റെ ഇടത് ഭാഗം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിനെ മറികടക്കാനുള്ള വ്യഗ്രതയില്‍ പുറകില്‍ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. ആദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയ രവീന്ദ്രന്റെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സാജ് ലൈന്‍സ് എന്ന ബസാണ് ഇടിച്ചിട്ട് നിര്‍ത്താതെ പോയതെന്നാണ് അന്വേഷണത്തില്‍ നിന്ന് മനസിലായത്.

Exit mobile version