മരട് ഫ്‌ളാറ്റുടമകള്‍ക്ക് തിരിച്ചടി: നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണമെന്ന് വ്യക്തമാക്കി നഗരസഭ നല്‍കിയ നോട്ടീസ് നിയമപരം അല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്‌ളാറ്റ് ഉടമകളായ രണ്ടു പേര് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: മരടിലെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി, ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയില്ലേയെന്നും ഹര്‍ജിക്കാരോട് ചോദിച്ചു.

നിയമ ലംഘനത്തിന് എതിരായ ശക്തമായ നടപടിയാണ് സുപ്രീം കോടതി വിധി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇനി ഇക്കാര്യത്തില്‍ സമീപിക്കാവുന്നത് സുപ്രീം കോടതിയെ മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു. ഉടമകള്‍ക്കു നിര്‍മ്മാതാക്കളില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി നിയമ നടപടി സ്വീകരിക്കുകയാണ് ഉടമകള്‍ ചെയ്യേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണമെന്ന് വ്യക്തമാക്കി നഗരസഭ നല്‍കിയ നോട്ടീസ് നിയമപരം അല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്‌ളാറ്റ് ഉടമകളായ രണ്ടു പേര് ഹൈക്കോടതിയെ സമീപിച്ചത്. ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ താമസക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ഏതു നിയമപ്രകാരമാണ് തങ്ങളോട് ഒഴിയാന്‍ നഗരസഭ ആവശ്യപ്പെടുന്നതെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ നോട്ടീസ് നിയമപരം അല്ല. നോട്ടീസ് റദ്ദാക്കണം എന്നിവയായിരുന്ന ഹര്‍ജിയിലെ ആവശ്യം.

Exit mobile version