‘എറണാകുളത്തിന് വേണം യുവരക്തം’, കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററുകള്‍

അതെസമയം എറണാകുളം സീറ്റ് ലഭിക്കാനായി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്.

കൊച്ചി: എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് കൊച്ചിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.കെവി തോമസ് എറണാകുളം സീറ്റിന് വേണ്ടി ഡല്‍ഹിയില്‍ പോയി സോണിയാ ഗാന്ധിയെ നേരിട്ട് കണ്ട് കരുനീക്കുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറിനില്‍ക്കട്ടെ, കൊച്ചിയുടെ വളര്‍ച്ചയ്ക്ക് വേണ്ടത് യുവരക്തം, യുവാക്കള്‍ക്ക് അവസരം നല്‍കുക’-എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. കെവി തോമസിന് നേരത്തെ ലോക്‌സഭാ സീറ്റ് നിഷേധിച്ചപ്പോള്‍ സമവായത്തിനായി എംഎല്‍എ സ്ഥാനം മുതല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഭാരവാഹിത്വവും കോണ്‍ഗ്രസ് അന്ന് കെവി തോമസിന് മുന്നില്‍ വച്ചതാണ്.

എന്നാല്‍ കെവി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വെട്ടാന്‍ ഹൈബി ഈഡന്‍ സജീവമായി രംഗത്തുണ്ട്. എറണാകുളത്ത് വിജയസാധ്യത മാത്രം പരിഗണിക്കണമെന്ന് ഹൈക്കമാന്റിനെ അറിയിച്ചുവെന്ന് മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈബി ഈഡന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. യുവാക്കളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണം. എറണാകുളത്തിന്റെ ഉപതെരഞ്ഞെടുപ്പിന് പരാജയത്തിന്റെ ചരിത്രം കൂടിയുണ്ടെന്ന് ഹൈക്കമാന്റിനെ അറിയിച്ചുവെന്നും ഹൈബി വ്യക്തമാക്കി.ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചയല്ല ഡല്‍ഹിയില്‍ നടത്തിയതെന്നും ഹൈബി വ്യക്തമാക്കി.

അതെസമയം എറണാകുളം സീറ്റ് ലഭിക്കാനായി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിത്വ മോഹവുമായി ഇവിടെ രംഗത്തുണ്ട്.

Exit mobile version