പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ ക്ലാസ്‌റൂമില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് യുവാവ്; പരാതി

ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും

ഇടുക്കി; പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ ക്ലാസ്‌റൂമില്‍ പൂട്ടിയിട്ട് തല്ലിച്ചതച്ച് വിദ്യാര്‍ത്ഥി. ഇടുക്കി ഹൈറേഞ്ചിലെ ഒരു സ്വകാര്യ കോളേജിലാണ് സംഭവം. കാമുകന്റെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയും യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെ വിദ്യാര്‍ത്ഥി ആക്രമണത്തിന് മുതിരുകയായിരുന്നു.

ഉച്ചയ്ക്ക് ക്ലാസിലെ ആണ്‍കുട്ടികള്‍ ഊണുകഴിക്കാന്‍ പോയസമയം യുവാവ് ക്ലാസില്‍ കയറി കതക് അകത്തുനിന്ന് പൂട്ടി. തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മറ്റ് വിദ്യാര്‍ത്ഥികള്‍ കതക് ചവിട്ടിതുറന്ന് ഒച്ചവെച്ചശേഷമാണ് പെണ്‍കുട്ടിയെ ആക്രമിക്കുന്നതില്‍ നിന്നും യുവാവ് പിന്മാറിയത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിനെതിരേ കേസ് എടുക്കാന്‍ പോലീസ് തയാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

Exit mobile version