മരട് ഫ്‌ളാറ്റ്; സുപ്രീംകോടതി വിധി നടപ്പാക്കിയേ പറ്റൂ; സാവകാശം വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണം; ഹൈക്കോടതി

ഫ്‌ളാറ്റിലെ താമസക്കാരനായ എംകെ പോള്‍ ആണ് നഗരസഭയുടെ നോട്ടീസിനെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമസ്ഥര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വിധി നടപ്പാക്കുന്നതിനു സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫ്‌ളാറ്റിലെ താമസക്കാരനായ എംകെ പോള്‍ ആണ് നഗരസഭയുടെ നോട്ടീസിനെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമാനുസൃതമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. നേരത്തെ സമാനമായ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ട് ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കും.

അതിനിടെ തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

Exit mobile version