വൃഷ്ടി പ്രദേശങ്ങളില്‍ നിര്‍ത്താതെ മഴ; ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് തുറക്കും, പുഴയില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം

നിലവില്‍ 775.05 മീറ്ററാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ്.

കല്‍പറ്റ: ബാണാസുക സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡാം ഇന്ന് തുറക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഷട്ടര്‍ തുറക്കുക. ഒരു ഷട്ടറാവും ഉയര്‍ത്തുക. മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിന് മുകളില്‍ ഉയരാതിരിക്കാന്‍ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്.

ഇതിന്റെ ഭാഗമായാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനം എടുത്തത്. നിലവില്‍ 775.05 മീറ്ററാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബാണാസുര സാഗര്‍ അണക്കെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ഇറങ്ങരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്.

ഷട്ടര്‍ തുറക്കുമ്പോള്‍ കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക നിര്‍ദേശം നല്‍കുന്നത്.

Exit mobile version