ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് വിധി നടപ്പാക്കിക്കൂടാ; സര്‍വ്വകക്ഷി യോഗത്തില്‍ കാനം

ഉടമകളെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണ്. അതുകൊണ്ട് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നും കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ. സര്‍വ്വകക്ഷിയോഗത്തിലാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെ അനുകൂലിച്ച് സിപിഐ സംസാരിച്ചത്. ശബരിമല വിധി നടപ്പിലാക്കാമെങ്കില് മരട് ഫ്‌ളാറ്റ് സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കി കൂടാ എന്ന് കാനം രാജേന്ദ്രന്‍ സര്‍വ്വ കക്ഷിയോഗത്തില്‍ ചോദിച്ചു.

ഉടമകളെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണ്. അതുകൊണ്ട് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നും കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. മരട് വിഷയത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോള്‍ നടപ്പാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം രാജന്ദ്രേന്‍ പറഞ്ഞു.

എന്നാല്‍ ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ നിയമപരമായ സാധ്യതകള്‍ തേടാനാണ് സര്‍വ്വ കക്ഷിയോഗത്തില്‍ തീരുമാനമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടമകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പഞ്ചായത്ത് സെക്രട്ടറി അഴിമതിക്കേസുമായി പിടിയിലാകുന്നതോടെയാണ് അന്വേഷണം ഉണ്ടാകുന്നതെന്നും കോടതിയിലേക്ക് വിഷയങ്ങളെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫ്‌ളാറ്റ് ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്ന് പറഞ്ഞാണ് സര്‍വ്വകക്ഷിയോഗം പിരിഞ്ഞത്.

Exit mobile version