മകന്റെ വിവാഹത്തിനിടെ അമ്മ മരിച്ചു; സര്‍ഫുന്നിസയുടെ മരണവാര്‍ത്ത എത്തിയത് വധുവിനെ കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിനിടെ

തിരുവോണനാളിലാണ് സര്‍ഫുന്നിസ രക്തസമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണത്.

സുല്‍ത്താന്‍ ബത്തേരി: മകന്റെ വിവാഹത്തിനിടെ അമ്മ മരണപ്പെട്ടു. രക്തസമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാതാവ് വിവാഹദിനത്തില്‍ മരണപ്പെടുകയായിരുന്നു. ബത്തേരി ഗെസ്റ്റ്ഹൗസിനു സമീപം പൊന്നാക്കാരന്‍ വീട്ടില്‍ റഹിമിന്റെ ഭാര്യ സര്‍ഫുന്നിസ(49) ആണ് മരിച്ചത്. മകന്‍ ശിഹാബുദ്ദീന്റെ വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സര്‍ഫുന്നിസ മരിച്ചത്.

തിരുവോണനാളിലാണ് സര്‍ഫുന്നിസ രക്തസമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ തുടരുന്നതിനിടെ കഴിഞ്ഞ 15ന് മുന്‍ നിശ്ചയപ്രകാരം മകന്റെ വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സല്‍ക്കാര ചടങ്ങുകള്‍ക്കു ശേഷം വധുവിനെ കൂട്ടിക്കൊണ്ടുവരാന്‍ വരന്‍ ഇറങ്ങുമ്പോഴാണ് സര്‍ഫുന്നിസയുടെ മരണവാര്‍ത്തയെത്തിയത്. എന്നാല്‍ ആരെയും അറിയാക്കാതെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു. ദേവാല നെല്ലാറ്റിത്തൊടിക അസീസിന്റെയും സുഹറയുടെയും മകള്‍ ഹസീനയായിരുന്നു വധു. എല്ലാം കഴിഞ്ഞ ശേഷം വൈകുന്നേരം നാലോടെയാണ് മരണവാര്‍ത്ത വധൂവരന്മാരെ അറിയിച്ചത്. നിസാര്‍, ഇക്ബാല്‍ എന്നിവരാണ് മറ്റു മക്കള്‍. ആദ്യ മരുമകള്‍: ഫെമിന.

Exit mobile version