നടന്‍ സത്താര്‍ അന്തരിച്ചു

1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ.

കൊച്ചി: എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങിയ നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് അദ്ദേഹം മരണപ്പെട്ടത്. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദില്‍ വെച്ച് നടക്കും.

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ.

1976ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെയാണ് നായകനായി അഭിനയിച്ചത്. 148 ഓളം സിനിമകളില്‍ സത്താര്‍ വേഷമിട്ടിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അദ്ദേഹത്തിന്റെ അവസാനത്തെ സിനിമ.

Exit mobile version