പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മേല്‍നോട്ടം ഇ ശ്രീധരന്

അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്ന് ഇ ശ്രീധരന്‍ പിള്ള അറിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ തീരുമാനം എടുത്തത്.

പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും എത്രത്തോളം ബലം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമുണ്ടെന്നുമാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാന്‍ തീരുമാനം എടുത്തിരിക്കുന്നത്. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്ന് ഇ ശ്രീധരന്‍ പിള്ള അറിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാവില്ലെന്നും അദ്ദേഹം പറയുന്നു. ഇ ശ്രീധരന്‍ പിള്ളയുടെ അഭിപ്രായത്തില്‍ പരിഹാരം പുതുക്കി പണിയുക എന്നത് മാത്രമാണെന്നും ഈ അഭിപ്രായം ഉള്‍കൊണ്ടുകൊണ്ടാണ് തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനു വേണ്ട നടപടികള്‍ കൈകൊണ്ടുവെന്നും മുഖ്യമന്ത്രി പറയുന്നു.

പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക മികവുള്ള ഏജന്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേല്‍നോട്ടത്തിന് വിദഗ്ദ ഏജന്‍സി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെയെല്ലാം പൊതുവായ മേല്‍നോട്ടം ഇ ശ്രീധരന്‍ വഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. ഒരു വര്‍ഷം കൊണ്ട് പാലം പണി പൂര്‍ത്തീകരിക്കാനാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

Exit mobile version