മരട് ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണ്; ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മ്മാതാക്കള്‍

എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

കൊച്ചി: പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍. മരടിലെ ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണെന്നും പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. മരട് നഗരസഭയ്ക്ക് നല്‍കിയ കത്തിലാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫ്‌ളാറ്റിന്റെ നികുതി ഉടമകള്‍ തന്നെയാണ് അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.

അതെസമയം ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഈ മാസം 20-തിനകം 4 പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അത് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി നഗരസഭ തുടങ്ങിയത്.

എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. 343 ഫ്‌ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Exit mobile version