മരട് കേസ്; നിയമപരമായത് എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി; ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ മരട് ഫ്‌ളാറ്റിലെത്തി ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി.

കൊച്ചി: മരട് ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ മരട് ഫ്‌ളാറ്റിലെത്തി ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി.

ഫ്‌ളാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങള്‍ക്ക് കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കി.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്ളാറ്റുകളില്‍ നിന്ന് അഞ്ച് ദിവസത്തിനകം ഒഴിയണം എന്നാവശ്യപ്പെട്ട് ഫ്ളാറ്റുടമകള്‍ക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. അതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉടമകള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നത്.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ പൊളിച്ച് സെപ്റ്റംബര്‍ 20ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.

Exit mobile version