മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാട്ടണോ..? വിമര്‍ശവുമായി ഷമ്മി തിലകന്‍

സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണെന്നും അദ്ദേഹം കുറിച്ചു.

കൊച്ചി: നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കെതിരെ ഉടമകള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെയായിരുന്നു താരത്തിന്റെ വിമര്‍ശനം.

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റുടമകളോട് കാട്ടണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണെന്നും അദ്ദേഹം കുറിച്ചു.

അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? എന്നും ഷമ്മി എടുത്ത് ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..!

അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? ഇത്തരം സാമൂഹ്യദ്രോഹികളുടെ നിര്‍മ്മാണ അനുമതിക്കും, ഒക്യുപന്‍സിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..!

കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാല്‍..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തല്‍കാലം പറയുന്നു.

Exit mobile version