‘ഏറെ മാതൃകാപരമായ തീരുമാനമാണിത്’; പികെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്ന ഡബ്ല്യുസിസിയെ അഭിനന്ദിച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തപ്പെട്ട ദളിത് സ്ത്രീ പികെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്ന ഡബ്ല്യുസിസിയെ അഭിനന്ദിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്ക് പേജിലൂടെ ആണ് അദ്ദേഹം ഡബ്ല്യുസിസിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചത്.

വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന മലയാള സിനിമയില്‍ അരങ്ങിലും അണിയറയിലും സ്ത്രീമുന്നേറ്റം സ്ത്രീകളുടെ പ്രാതിനിധ്യം ഏറിവരികയാണെന്നും ആ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തുപകരാന്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പുതിയ ഫിലിം സൊസൈറ്റി സംരംഭത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നുമാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ഡബ്ല്യുസിസിയുടെ ഈ തീരുമാനം ഏറെ മാതൃകാപരമാണെന്നും സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സമൂഹം ഭ്രഷ്ട് കല്‍പ്പിച്ച റോസിയുടെ പേരില്‍ തുടങ്ങുന്ന ഈ സംരംഭം കേരളത്തിലെ സ്ത്രീകള്‍ക്കാകെ പ്രചോദനമായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

വളര്‍ച്ചയുടെ പുതിയ പടവുകള്‍ കയറുന്ന മലയാള സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഏറിവരികയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീമുന്നേറ്റം പ്രകടമാണ്. ആ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തുപകരാന്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പുതിയ ഫിലിം സൊസൈറ്റി സംരംഭത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. പികെ റോസിയുടെ ദുരന്തകഥയില്‍ നിന്നാണ് നമ്മുടെ സിനിമാ ചരിത്രം ആരംഭിക്കുന്നത് തന്നെ. എന്നാല്‍ ഇന്ന് എല്ലാമേഖലയിലും സ്ത്രീകള്‍ തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ അവരുടെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചുവരികയാണ്. അതിന് ആ മേഖലയിലെ സ്ത്രീകള്‍ തന്നെ മുന്‍കൈയ്യെടുത്തു എന്നതാണ് ഏറ്റവും വലിയ കാര്യം. സര്‍ക്കാര്‍ അവരോടൊപ്പം നിന്നു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകവും രാജ്യത്തെ സിനിമാ മേഖലയ്ക്ക് തന്നെ മാതൃകയുമാവുകയാണ്.

മലയാള സിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കാന്‍ പോവുകയാണ് വുമന്‍ ഇന്‍ സിനിമ കളക്ടീവ്. ഏറെ മാതൃകാപരമായ തീരുമാനമാണിത്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍, സമൂഹത്തിലെ താഴ്ന്ന ജാതിയിലായതിന്റെ പേരില്‍ വേട്ടയാടപ്പെട്ട സ്ത്രീയാണ് റോസി. അവരുടെ പേരില്‍ തുടങ്ങുന്ന ഈ സംരംഭം കേരളത്തിലെ സ്ത്രീകള്‍ക്കാകെ പ്രചോദനമായിരിക്കും.

പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ ഇന്നത്തെ സിനിമാ ചരിത്രത്തല്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ്ണ സ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നതെന്നാണ് കളക്ടീവ് പ്രവര്‍ത്തകര്‍ പറയുന്നത്. സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്ര പ്രവര്‍ത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂര്‍ണ്ണമായും സ്ത്രീ/ട്രാന്‍സ്-സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം.

കേരളത്തിലെ സിനിമാ മേഖല വളര്‍ന്നത് ഫിലിം സൊസൈറ്റികളിലൂടെയാണ്. കേരളം ലോകരാഷ്ട്രീയം മനസിലാക്കിയതും സിനിമകള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയതും ഫിലിം സൊസൈറ്റികളിലൂടെയാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം ഫിലിം സൊസൈറ്റികളുടെ പ്രോത്സാഹനത്തിനായി ഗ്രാമീണ ഫിലിം ഫെസ്റ്റിവെലുകളും ടൂറിംഗ് ടാക്കീസും സംഘടിപ്പിച്ചു. ഫിലിം സൊസൈറ്റികള്‍ക്ക് സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സഹായവും ചലച്ചിത്ര അക്കാദമി വഴി ലഭ്യമാക്കി. കൂടാതെ സിനിമാ മേഖലയിലെ സ്ത്രീപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനും സര്‍ക്കാര്‍ മുന്‍കയ്യെടുത്തു. കഴിഞ്ഞ ബജറ്റില്‍ സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സിനിമാ നിര്‍മ്മാണത്തിനുള്ള ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി കരുത്ത് പകരുന്നതാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പുതിയ സംരംഭം. പുതുതായി സ്ത്രീകളുടെ മേഖലയില്‍ ഉയര്‍ന്നുവന്ന ഈ ഫിലിം സൊസൈറ്റിക്ക് ഒരുപാട് വലിയ കാര്യങ്ങള്‍ ചെയ്യാനാകും. ഇത്തരം സംരംഭങ്ങളിലൂടെ ഓരോ കുടുംബത്തിലെയും സ്ത്രീകളുടെ ഇടയിലേക്ക് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എത്തിക്കാനാകട്ടെ എന്നാശംസിക്കുന്നു.

Exit mobile version