‘ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്, ഇന്ദ്രന്‍സ് മലയാള സിനിമയുടെ അഭിമാനം’; അഭിനന്ദിച്ച് മുഖ്യമന്ത്രി

മലയാളത്തിന്റെ യശസ്സ് വീണ്ടും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ ആണ് മുഖ്യമന്ത്രി ഇന്ദ്രന്‍സിനെ അഭിനന്ദിച്ചത്. മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രന്‍സ് എന്നും ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ മലയാള സിനിമയ്ക്ക് അഭിമാനിക്കാം എന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഇന്ദ്രന്‍സിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണ് ഇത്.

ഇതിനു മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പാലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രന്‍സ്. വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തിരഞ്ഞെടുത്തതില്‍ സന്തോഷം.ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്.മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ. അഭിനന്ദനങ്ങള്‍.

Exit mobile version