മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി: ആയുര്‍വേദ ആശുപത്രി അടച്ചുപൂട്ടാന്‍ നോട്ടീസ്

ആലപ്പുഴ: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആയുര്‍വേദ ആശുപത്രി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നോട്ടീസ്. കൃഷ്ണപുരം ഗ്രാമപഞ്ചായത്താണ് ആശുപത്രി പൂട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. അശാസ്ത്രീയമായ ചികിത്സാരീതികള്‍ ആശുപത്രിയില്‍ നടക്കുന്നു എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ന്നാണ് നടപടി.

ഇന്ന് വൈകിട്ട് 5ന് മുന്‍പായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിക്ക് പ്രവര്‍ത്തനാനുമതി തേടിയുള്ള അപേക്ഷ പഞ്ചായത്ത് നേരത്തെ നിഷേധിച്ചതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ആശുപത്രി പൂട്ടാന്‍ തയ്യാറായില്ലെങ്കില്‍ പോലീസ് സഹായത്തോടെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ
നിരവധി പേരാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോപണങ്ങളുമായെത്തിയത്.

Exit mobile version