പുത്തുമലയിലേത് സോയില്‍ പൈപ്പിംഗ് അല്ല: സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണ് ദുരന്ത കാരണം; മാധവ് ഗാഡ്ഗില്‍

കല്‍പ്പറ്റ: സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണ് വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. പുത്തുമലയിലേത് സാധാരണ മണ്ണിടിച്ചിലല്ല, മറിച്ച് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിനെ മാധവ് ഗാഡ്ഗില്‍ തള്ളി.

പുത്തുമല പോലെയുള്ള ചെങ്കുത്തായ പ്രദേശങ്ങളിലെ മണ്ണിനെ ഉറപ്പിച്ചു നിര്‍ത്തുന്നത് അവിടുത്തെ സ്വാഭാവിക സസ്യങ്ങളും മരങ്ങളുമാണ്. അതിനെ നശിപ്പിച്ചാല്‍ മണ്ണിന്റെ ഉറപ്പ് കുറയും. തോട്ടങ്ങള്‍ക്കായി മണ്ണ് വെട്ടി നിരപ്പാക്കിയതും, അശാസ്ത്രീയമായ വീട് നിര്‍മാണവും എല്ലാം ദുരന്തത്തിന് കാരണമായിട്ടുണ്ട്.

വിദഗ്ധരെന്ന് വിശേഷിപ്പിക്കുന്നവരെ, നിര്‍ഭാഗ്യവശാല്‍ കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കില്ല. പണത്തിന് വേണ്ടി എന്തും പറയുകയും എഴുതുകയും ചെയ്യുന്നവരായി അവര്‍ മാറിയെന്നും മണ്ണ് സംരക്ഷണ ഓഫിസറെ പരാമര്‍ശിച്ച് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം കല്‍പറ്റയില്‍ പൊതുചടങ്ങില്‍ പ്രസംഗിച്ച മാധവ് ഗാഡ്ഗിലിനെ കേള്‍ക്കാന്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.

Exit mobile version