പേരിലെ ആശയക്കുഴപ്പം നീങ്ങി; ദീപക് രാജ്-ക്രിസ്റ്റീന ദമ്പതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി, നഗരസഭയുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് വൈസ് ചെയര്‍മാന്‍

രജിസ്‌ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു.

ഗുരുവായൂര്‍: വധുവിന്റെ പേരില്‍ ക്രിസ്ത്യന്റെ സമാനതയുണ്ടെന്ന ആരോപണത്താല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആകാതെ മടങ്ങിയ ദമ്പതികള്‍ക്ക് ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കുടുംബം സമര്‍പ്പിച്ച രേഖകള്‍ വീണ്ടും പരിശോധിച്ച് അതില്‍ ഹിന്ദുവാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കിയത്. ഒടുവില്‍ നഗരസഭയ്ക്കു വേണ്ടി വൈസ് ചെയര്‍മാന്‍ കെപി വിനോദ് ഇവരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ 24-ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ചായിരുന്നു ദീപക് രാജ്-ക്രിസ്റ്റീന ദമ്പതിമാരുടെ വിവാഹം. താലികെട്ടിനുശേഷം വിവാഹസത്കാരവും ഗുരുവായൂരില്‍ വെച്ച് തന്നെ നടത്തിയിരുന്നു. ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ പേരിലെ ക്രിസ്ത്യന്‍ സാമ്യം കുരുക്ക് ആവുകയായിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന.

രജിസ്‌ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. ഇതോടൊപ്പം അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന മറ്റ് രേഖകളും പ്രത്യേകം നല്‍കിയിരുന്നു. ഇതെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വധുവിന്റെ പേരില്‍ മടക്കി നല്‍കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ അവരുടെ മുഴുവന്‍ പേര് ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ്. ഇത് ക്രിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം. ഭരണകക്ഷിയംഗങ്ങളുടെ ശുപാര്‍ശകളുണ്ടായിരുന്നിട്ടും അതൊന്നും കൂട്ടാക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയവയെല്ലാം കാണിച്ചെങ്കിലും ഇതിലൊന്നും ഹിന്ദുവാണെന്ന സൂചനയില്ലെന്നായിരുന്നു രജിസ്ട്രാര്‍ നിരത്തിയ വാദം. ഒടുവില്‍ അവര്‍ എസ്എസ്എല്‍സി ബുക്ക് സമര്‍പ്പിക്കുകയായിരുന്നു. അതിലും ഹിന്ദു എന്ന് തളിഞ്ഞതോടെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ രജിസ്ട്രാര്‍ തയ്യാറായത്. കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപ്പേരാണ് ക്രിസ്റ്റീന. എമ്പ്രെസ്സ് എന്നാല്‍ ചക്രവര്‍ത്തിനി. മതേതരത്തിന്റെ ചക്രവര്‍ത്തിനിയെന്നാണ് ഈ പേരുകൊണ്ടുദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു.

Exit mobile version