റോഡ് നിയമം പാലിക്കണമെന്ന് കുറിപ്പ്; പിന്നാലെ ഹെല്‍മെറ്റില്ലാതെ പിടിയില്‍, നിയമത്തെ പിന്തുണച്ച ആളാണ്‌ താനെന്ന് കെഞ്ചിപ്പറഞ്ഞ് യുവാവ്

ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.

കാസര്‍കോട്: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയുള്ള നിയമം പ്രാബല്യത്തില്‍ വന്നത് സെപ്റ്റംബര്‍ ഒന്നിനാണ്‌. വന്‍ പിഴയാണ് നിയമം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടാല്‍ പോക്കറ്റ് കാലിയാകും എന്നതില്‍ സംശയമില്ല. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍, അമിത വേഗത്തില്‍ പാഞ്ഞാല്‍, മദ്യപിച്ച് വാഹനമോടിച്ചാല്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലയ വില തന്നെ കൊടുക്കേണ്ടതായി വരും.

ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇത്രയും വലിയ തുക ഈടാക്കുന്നത് ശരിയല്ലെന്നുമുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ രസകരവും കൗതുകകരവുമായ ഒരു സംഭവമാണ് കാസര്‍കോട് നടന്നത്. വന്‍ പിഴ ഈടാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് പോസ്റ്റിട്ടതിനു പിന്നാലെ ഹെല്‍മെറ്റ് വെയ്ക്കാത്തതിന് യുവാവ് പിടിയിലായിരിക്കുകയാണ്.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നായിരുന്നു ഇയാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് കാസര്‍കോട് ട്രാഫിക് പോലീസിന്റെ പരിശോധനക്കിടെ കുടുങ്ങിയത്. ഹെല്‍മറ്റ് വെക്കാന്‍ മറന്നതാണെന്നും നിയമം പാലിക്കാന്‍ രാവിലെ താന്‍ വാട്സ്ആപ്പില്‍ പോസ്റ്റിട്ടിരുന്നുവെന്നും ഇയാള്‍ തന്നെയാണ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ നിന്നും പിഴ ഈടാക്കാതിരിക്കാന്‍ കെഞ്ചിചോദിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് വിവരം. 1,000 രൂപയാണ് ഹെല്‍മെറ്റ് വെക്കാത്തതിന് പുതുക്കിയ പിഴയായി ഈടാക്കുന്നത്.

Exit mobile version