48 മണിക്കൂറിനുള്ളില്‍ കുഴികളടച്ച് കുതിരാന്‍ ഗതാഗത യോഗ്യമാക്കണം, അല്ലാതെ തൃശ്ശൂര്‍ നഗരം വിടരുത്; എന്‍എച്ച്എ ഉദ്യോഗസ്ഥരോട് മന്ത്രി വിഎസ് സുനില്‍കുമാര്‍

48 മണിക്കൂറിനകം കോള്‍ഡ് മിക്സ് ഉപയോഗിച്ചു കൊണ്ട് കുഴികളടയ്ക്കാം എന്ന് എന്‍എച്ച് അധികൃതര്‍ ജില്ലാ ഭരണകൂടവും തമ്മില്‍ കരാര്‍ ഉണ്ടാക്കി.

തൃശ്ശൂര്‍: 48 മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍-വടക്കാഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ ഗതാഗത യോഗ്യമാക്കണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നിര്‍ദേശം. പണി എത്രയും വേഗം തുടങ്ങിയില്ലെങ്കില്‍ എന്‍എച്ച് അതോറിറ്റിക്കും കരാറുകാര്‍ക്കുമെതിരെ കര്‍ശന നിയമനടപടികളെടുക്കുമെന്ന് അദ്ദേഹം മുന്നിറിയിപ്പ് നല്‍കി.

48 മണിക്കൂറിനകം കോള്‍ഡ് മിക്സ് ഉപയോഗിച്ചു കൊണ്ട് കുഴികളടയ്ക്കാം എന്ന് എന്‍എച്ച് അധികൃതര്‍ ജില്ലാ ഭരണകൂടവും തമ്മില്‍ കരാര്‍ ഉണ്ടാക്കി. ഇത് നടപ്പാക്കിയ ശേഷമേ എന്‍എച്ച് ജനറല്‍ മാനേജര്‍ കേണല്‍ ആഷിഷ് ദ്വിവേദി, പ്രോജക്ട് ഡയറക്ടര്‍ പി ഡി സുരേഷ്, കരാറെടുത്ത കെഎംസി കമ്പനിയുടെ പ്രോജക്ട് മാനേജര്‍ പി നരസിംഹറെഡ്ഡി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ ജില്ല വിട്ടുപോകുവാന്‍ അനുവാദമുള്ളുവെന്നും മന്ത്രി തുറന്നടിച്ചു.

കുതിരാന്‍ സന്ദര്‍ശിക്കുകയും ദേശീയപാതാ ജനറല്‍ മാനേജരുമായി ചര്‍ച്ചനടത്തുകയും ചെയ്ത ശേഷമാണ് മന്ത്രി അന്ത്യശാസനം നല്‍കിയത്. മന്ത്രിക്കൊപ്പം ചീഫ് വിപ്പ് കെ രാജന്‍, ടിഎന്‍ പ്രതാപന്‍ എംപി, കളക്ടര്‍ ഷാനവാസ്, കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര എന്നിവരും എത്തിയിരുന്നു. നിലവില്‍ കുതിരാന്‍ തുരങ്കം തുറക്കുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാണ്. തുരങ്കത്തിലെ ബ്ലോവറുകള്‍ പ്രവര്‍ത്തത്തനക്ഷമമാകാത്തതിനാല്‍ കാര്‍ബണ്‍ഡയോക്സൈഡ് ഉണ്ടാവുകയും യാത്രക്കാര്‍ക്ക് അത് ഭീഷണിയായി മാറുകയും ചെയ്യുകയാണ്.

ഇത് യാത്രാക്കാരുടെ ജീവനുതന്നെ ഭീഷണിയായേക്കും. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. റോഡിലുള്ള കുഴികളാണ് കുതിരാന്‍ മേഖലയില്‍ വലിയ ഗതാഗത തടസം സൃഷ്ടിക്കുന്നത്. കുഴിയടച്ചാല്‍ തന്നെ പകുതിയിലേറെ ഗതാഗത തടസം നിയന്ത്രിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Exit mobile version