കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ കൂട്ട് നിന്നു; അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നത് ലക്ഷങ്ങള്‍

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്‌പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് സ്വര്‍ണ്ണക്കടത്തിന്റെ ചുരുളഴിഞ്ഞത്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തില്‍ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലിയായി ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്‌പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് സ്വര്‍ണ്ണക്കടത്തിന്റെ ചുരുളഴിഞ്ഞത്. രാഹുല്‍ പണ്ഡിറ്റിന്റെ ബാച്ചുകാരായ കണ്ണൂര്‍ വിമാനത്താവളത്തിലെ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരാണ് സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നത്.

ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിഐആര്‍ഐ) കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. എല്ലാ ആഴ്ചകളിലും അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണ്ണം കടത്തിയിരുന്നതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ചില ജ്വല്ലറികള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് ഡിആര്‍ഐ സംഘം അറിയ്ച്ചു. സ്വര്‍ണ്ണം വരുന്ന ദിവസം രാഹുലിന്റെ ഫോണിലേക്ക് വാടസ് ആപ്പ് വഴി സ്വര്‍ണ്ണം കടത്തുന്ന ആളിന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ എത്തും. തുടര്‍ന്ന് അറസ്റ്റിലായ മറ്റ് ഉദ്യോഗസ്ഥര്‍ മാറിമാറി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പുറത്തെത്തുക്കുമെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.

ഓരോ തവണ സ്വര്‍ണ്ണം വിമാനംത്താവളം വിട്ടിറങ്ങുമ്പോഴും നാല് പേര്‍ക്കുമായി ഒരു ലക്ഷം രൂപ കൈക്കൂലി ലഭിക്കും. 11 കിലോ സ്വര്‍ണ്ണം കടത്തിയ കണ്ണൂര്‍ കേസില്‍ മാത്രം കിട്ടിയത് നാല് ലക്ഷമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എല്ലാ ആഴ്ചകളും സ്വര്‍ണ്ണം എത്തുമെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. വടക്കന്‍ കേരളത്തില്‍ ജ്വല്ലറികളുള്ള ചിലര്‍ക്ക് വേണ്ടിയാണ് ഇവര്‍ സഹായം ചെയ്തതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്ത് റാക്കറ്റിലെ പ്രധാനികളില്‍ ഒരാളുടെ ഫ്‌ളാറ്റിലാണ് രാഹുല്‍ പണ്ഡിറ്റ് താമസിച്ചിരുന്നത്.

പ്രതികളെല്ലാം 2015ലാണ് കസ്റ്റംസിന്റെ ഭാഗമായത്. കരിപ്പൂരില്‍ ആയിരുന്ന ഇവര്‍ കണ്ണൂരില്‍ എയര്‍പോര്‍ട്ട് വന്നതോടെ സ്ഥലം മാറി എത്തുകയായിരുന്നു. ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍നിന്നും കണ്ണൂരില്‍ വിമാനമിറങ്ങിയ നാലുപേരില്‍ നിന്ന് അനധികൃതമായി കടത്തിയ സ്വര്‍ണ്ണം പിടിച്ചെടുത്തു. മൈക്രോ വേവ് ഓവന്‍, മീറ്റ് കട്ടിങ് മെഷീന്‍ തുടങ്ങിയവയില്‍ ഒളിപ്പിച്ചുവച്ചനിലയിലായിരുന്നു സ്വര്‍ണ്ണം.

പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിനു പിന്നിലെ കസ്റ്റംസ് ബന്ധം പുറത്തറിയുന്നത്. തുടര്‍ന്ന് രാഹുല്‍ പണ്ഡിറ്റിനെ നിരീക്ഷിച്ച ഡിആര്‍ഐ വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ മൂന്ന് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരെയും കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

Exit mobile version