മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറാ കോഹന്‍ ഇനി ഓര്‍മ്മ

വിട പറഞ്ഞത് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ജൂത വനിത

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിലെ ഏറ്റവും പ്രായം കൂടിയ ജൂത വനിത സാറാ ജേക്കബ് കോഹന്‍(96) നിര്യാതയായി. കേരളത്തില്‍ അവശേഷിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് സാറാ കോഹന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ജൂതടൗണിലെ പരദേശി യഹൂദ പള്ളിക്കടുത്തായിരുന്നു സാറാ കോഹന്‍ താമസിച്ചിരുന്നത്. സംസ്‌കാരം ഞായറാഴ്ച നടക്കും.

ജൂത തലമുറയിലെ അവസാനത്തെ കണ്ണിയായ സാറാ കോഹന്‍ മട്ടാഞ്ചേരിയില്‍ ശേഷിക്കുന്ന നാല് കുടുംബങ്ങളിലായുള്ള അഞ്ച് പരദേശി ജൂതരില്‍ ഒരാളായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥനായ ജേക്കബ് കോഹനായിരുന്നു ഭര്‍ത്താവ്. 1999ലാണ് ജേക്കബ് അന്തരിച്ചത്.

മികച്ച വ്യാപാര സംരഭ കൂടിയായിരുന്നു സാറാ. ജൂതന്‍മാരുടെ തൊപ്പി, വിവാഹ വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി ജൂതന്‍മാര്‍ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും സാറാ കോഹന്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇവ നിര്‍മ്മിച്ച് നല്‍കുന്നതിന് വീടിന് ചേര്‍ന്ന് ഒരു കടയും സാറാ ആരംഭിച്ചിരുന്നു. ഭര്‍ത്താവുമായി ഇവര്‍ ചേര്‍ന്ന് ആരംഭിച്ച ‘സാറാസ് എംബ്രോയ്ഡറി ഷോപ്പ്’ വളരെ പ്രസിദ്ധമാണ്.

ജൂത വനിതയായ സാറായുടെ ജീവിതം മാധ്യമങ്ങളിലടക്കം വാര്‍ത്തയായതാണ്. സാറായും കെയര്‍ടേക്കര്‍ ആയ ഇസ്സാം മത വിശ്വാസി താഹ ഇബ്രാഹിമിനെയും കേരളക്കരയ്ക്ക് പരിചിതമാണ്. ഇരുവരുടെയും ആത്മബന്ധത്തിന്റെയും സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു. ‘സാറാ താഹാ തൗഫീഖ്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ശരത് കൊട്ടിക്കല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Exit mobile version