ചെക്ക് കേസ്: ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇയില്‍ അറസ്റ്റില്‍

ദുബായ്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകനും ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറുമായ ബൈജു ഗോപാലന്‍ യുഎഇയില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ബൈജുവിനെ ഒമാന്‍ പോലീസ് അറസ്റ്റു ചെയ്തത്. രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ)യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി.

ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ബൈജുവിനെ ദുബായ് പോലീസിനു കൈമാറി. അല്‍ഐന്‍ ജയിലിലാണ് ബൈജു ഇപ്പോഴുള്ളത്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാന്‍ വഴി കേരളത്തിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പാസ്‌പോര്‍ട്ടില്‍ വ്യാജ എക്‌സിറ്റ് സീല്‍ പതിച്ചു റോഡുമാര്‍ഗമാണ് ഒമാനിലേക്ക് കടന്നത്.

ബൈജുവിന്റെ പാസ്‌പോര്‍ട്ട് അല്‍ഐന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഒന്നരദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് അദ്ദേഹം ജാമ്യത്തുക കെട്ടിവെച്ച് ജയില്‍മോചിതനായത്.

Exit mobile version