മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാരിയര്‍ വിവാഹിതനായി; വധു രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരം

അഞ്ചുവര്‍ഷം മുമ്പ് ചെന്നൈയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ സന്ദീപ് അതിഥിയായെത്തിയപ്പോഴാണ് ആരതിയെ കണ്ടുമുട്ടുന്നത്.

തൃശ്ശൂര്‍: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാരിയര്‍ വിവാഹിതനായി. രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരമായ ആരതി കസ്തൂരിരാജ് ആണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. തൃശ്ശൂര്‍ എരവിമംഗലം സ്മൃതിയില്‍ ശങ്കരന്‍കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ് പേസ് ബോളറായ സന്ദീപ്.

ചെന്നൈ അണ്ണാനഗര്‍ സ്വദേശികളായ സി കസ്തൂരിരാജിന്റെയും ഡോ. മാലാ രാജിന്റെയും മകളാണ് ആരതി. ഇന്ത്യ ‘എ’ ടീമില്‍ അംഗമായ സന്ദീപ്, എട്ടുവര്‍ഷമായി രഞ്ജി ട്രോഫി കളിക്കുകയാണ്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും കളിച്ചു. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ റെഡ് ടീമിലും സന്ദീപ് അംഗമാണ്.

ബെല്‍ജിയത്തില്‍ നടന്ന യൂറോപ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനം നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു ആരതി. ചൈനയില്‍ നടന്ന ലോക റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര സര്‍വകലാശാലയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. ദേശീയരാജ്യാന്തര മത്സരങ്ങളിലായി 130 മെഡലുകളാണ് ആരതി നേടിയിട്ടുണ്ട്.

അഞ്ചുവര്‍ഷം മുമ്പ് ചെന്നൈയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ സന്ദീപ് അതിഥിയായെത്തിയപ്പോഴാണ് ആരതിയെ കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ച്ച പിന്നീട് സൗഹൃദവും അവിടെ നിന്ന് പ്രണയവുമായി വളരുകയായിരുന്നു.

Exit mobile version