‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവ്’; ബിഎം കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളിയും പാക്കിസ്താനിലെ ഇടതുപക്ഷ രാഷ്ട്രീയനേതാവുമായ ബിഎം കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ന് രാവിലെ കറാച്ചിയില്‍ വെച്ചായിരുന്നു ബിഎം കുട്ടി(90)യുടെ അന്ത്യം. മലപ്പുറം തിരൂര്‍ സ്വദേശി ആയിരുന്ന അദ്ദേഹം വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് കുടിയേറുക ആയിരുന്നു. പാകിസ്താനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ ബിഎം കുട്ടി പ്രവര്‍ത്തിച്ചിരുന്നു. സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍-എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി’ എന്ന ശ്രദ്ധേയ കൃതി രചിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവായിരുന്നു ബി.എം കുട്ടി. തിരൂരില്‍ ജനിച്ച് പില്‍ക്കാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയ അദ്ദേഹം പാക് രാഷ്ട്രീയത്തില്‍ പ്രമുഖനായി വളര്‍ന്നു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം സമാധാനത്തിനുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരായും നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ നേതാവായിരുന്നു.പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും പ്രധാന ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്ത അദ്ദേഹം എന്നും കേരളവുമായി അടുപ്പം പുലര്‍ത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നു.

Exit mobile version