വീട്ടുകാര്‍ അറിയാതെ നാടാകെ വിളിച്ച ‘ആ കല്യാണം’ ഇന്ന്; ആരൊക്കെ വരും..? ഭക്ഷണം എത്ര വേണം..? മുള്‍മുനയില്‍ കുടുംബം

വരന്റെ വീട്ടുകാര്‍ക്കാണ് അജ്ഞാതന്‍ ഈ രീതിയിലൊരു പാര കൊടുത്തിരിക്കുന്നത്.

തൃശ്ശൂര്‍: ‘ഇന്ന് ആണ് ആ കല്യാണം’ ഇത് സിനിമാ പേര് അല്ല. മറിച്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്ത കല്യാണമാണ് ഇന്ന്. വീട്ടുകാര്‍ അറിയാതെ നാട് മുഴുവനും നടന്ന് വിളിച്ച അജ്ഞാതനെ കഴിഞ്ഞ രണ്ട് ദിവസമായി തേടി നടക്കുകയാണ്. നാടു നീളെ കല്യാണ ക്ഷണക്കത്ത് അടിച്ചും ക്ഷണിച്ചും വീട്ടുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്തത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.

‘ഞങ്ങള്‍ കല്യാണത്തിന് ഉറപ്പായും വരാം കേട്ടോ?’; ക്ഷണിക്കാത്തവര്‍ പോലും കല്യാണത്തിന് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ വീട്ടുകാര്‍ ശരിക്കും അമ്പരന്നു. വളരെ ലളിതമായി നടത്താന്‍ ഉദ്ദേശിച്ച വിവാഹമാണ് ഇപ്പോള്‍ നാടു മുഴുവന്‍ അറിഞ്ഞ് എത്തുന്നത്. തപാലായും മറ്റുമാണ് കല്യാണക്കുറി പലരിലേയ്ക്കും എത്തിയത്. എന്തായാലും വരും എന്നൊക്കെ പറഞ്ഞ് വിളികള്‍ തുടര്‍ന്നതോടെ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചു.

അപ്പോഴാണ് അജ്ഞാതന്‍ വീട്ടുകാരുടെ പേരില്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി കാര്‍ഡടിച്ച് നാടാകെ കല്യാണം ക്ഷണിച്ച വിവരം അറിയുന്നത്. തൃശ്ശൂരിലെ ചേര്‍പ്പിലുള്ള വീട്ടുകാര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. വരാമെന്ന് പറഞ്ഞവരോട് വരേണ്ടെന്ന് പറയാനും സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വീട്ടുകാര്‍. ഇപ്പോള്‍ ആ വീട്ടുകാര്‍ ആകെ ആശങ്കയിലാണ്. ഇന്നാണ് ആ കല്യാണം നടക്കുന്നത്. വിവാഹത്തിന് ഇനി ആരൊക്കെ വരുമെന്നോ എത്രപേര്‍ക്ക് സദ്യയൊരുക്കണമെന്നോ അറിയാതെ കുഴങ്ങിയിരിക്കുകയാണ് വീട്ടുകാര്‍.

വരന്റെ വീട്ടുകാര്‍ക്കാണ് അജ്ഞാതന്‍ ഈ രീതിയിലൊരു പാര കൊടുത്തിരിക്കുന്നത്. വരന്റെയും വധുവിന്റെയും പേരും വിവരങ്ങളും കല്യാണ സ്ഥലവും തീയതിയും സമയവുമെല്ലാം അജ്ഞാതന്‍ അയച്ച കാര്‍ഡില്‍ കിറുകൃത്യമായിട്ടുണ്ട്. ഇത്രയധികം ബന്ധുക്കളുടെയും പരിചയക്കാരുടെയും വിവരം അജ്ഞാതന് എങ്ങനെ ലഭിച്ചു എന്നുള്ളതും വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. പരിചയമുള്ള ആരോ ഒരാളാണ് ദ്രോഹം ചെയ്തിരിക്കുന്നതെന്നാണ് വീട്ടുകാരുടെ കണക്കുക്കൂട്ടല്‍.

Exit mobile version